
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം അപ്രതീക്ഷിത വിവാദത്തിൽപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും. നടിയെ ആക്രമിച്ച കേസിന്റെ വിധി സംബന്ധിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയാണ് യു.ഡി.എഫിനെ വെട്ടിലാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ പ്രീപോൾ സർവേഫലം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ബി.ജെ.പിക്ക് വിനയായത്.
അടൂർ പ്രകാശ് തന്റെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.രാജീവും വി.ശിവൻകുട്ടിയും വീണാജോർജുമെല്ലാം അവസരം മുതലാക്കി പ്രഹരിച്ചു. കോൺഗ്രസ് നേതാക്കൾക്ക് അടൂർ പ്രകാശിന്റെ നിലപാട് പരസ്യമായി തള്ളേണ്ടിവന്നു. ഏഴു ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു അടൂരിന്റെ 'കതിന". ദിലീപിനെ കുറ്റമുക്തനാക്കിയതിൽ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം കേസിൽ സർക്കാർ അപ്പീലിന് പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ,'സർക്കാരിന് വേറെ ഒരു ജോലിയുമില്ലല്ലോ' എന്നാണ് മറുപടി നൽകിയത്. വിവാദപരാമർശം സോഷ്യൽ മീഡിയകൾവഴി അതിവേഗം പ്രചരിച്ചു. അതോടെ കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് അതൃപ്തി അറിയിച്ചു. സണ്ണിജോസഫുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് യു.ഡി.എഫ് കൺവീനർ അഭിപ്രായം തിരുത്തിയത്. താൻ പറഞ്ഞ എല്ലാ കാര്യങ്ങളും സംപ്രേഷണം ചെയ്തില്ലെന്നും അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നു തന്നെയാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദമാക്കി. അതിജീവിതയ്ക്ക് നീതി കിട്ടാനുള്ള പ്രവർത്തനങ്ങൾ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂർപ്രകാശിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. രമേശ് ചെന്നിത്തല, കെ.മുരളീധരൻ, എം.എം.ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കളും അടൂർ പ്രകാശിന്റെ നിലപാട് തള്ളി രംഗത്തുവന്നു. അടൂർ പ്രകാശിന്റെ പ്രസ്താവന യു.ഡി.എഫ് നിലപാടാണെന്നും പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ശ്രീലേഖ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചു. അതിനിടെ ശ്രീലേഖ പോസ്റ്റ് പിൻവലിച്ചു. ശാസ്തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ശ്രീലേഖ പ്രചാരണ ബോർഡുകളിൽ ഐ.പി.എസ് ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു.
''ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ഞാൻ. കോടതി നീതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പൊലീസുകാർ കെട്ടിച്ചമച്ചതാണ് ദിലീപിനെതിരായ ഗൂഢാലോചനക്കേസ് എന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്'.
-അടൂർ പ്രകാശ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |