കൊല്ലം: ഷെയർ ട്രേഡിംഗിന്റെ മറവിൽ കൊട്ടിയം സ്വദേശിയിൽ നിന്ന് 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിൽ ഉൾപ്പെട്ടയാൾ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. എറണാകുളം പോണേക്കര ഗ്‌ളോറിയ ഭവനിൽ ജോൺസണാണ് (51) പിടിയിലായത്.
ഷെയർ ട്രേഡിംഗ്ൽ വിശദമായ പരിശീലനം ലഭ്യമാണെന്ന ഫേസ്ബുക്ക് പരസ്യത്തിൽ വിശ്വസിച്ച് ബന്ധപ്പെട്ടതോടെ തട്ടിപ്പ് സംഘാംഗങ്ങൾ ഉൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് ഷെയർ ട്രേഡിങ്ങിനേക്കാൾ മികച്ചത് ബ്ലോക്ക് ട്രേഡിംഗും ഇൻസ്റ്റിറ്റ്യൂഷണൽ ട്രേഡിംഗും ആണെന്നും ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം ഉണ്ടാക്കാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് യഥാർത്ഥമായ ഒരു ഷെയർ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബ്ലോക്ക് ട്രേഡിംഗ് ചെയ്യാനെന്ന വ്യാജേന പല തവണകളായി 15 ലക്ഷത്തിലധികം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലാക്കി കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിച്ചത്.
പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകളിൽ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം എറണാകുളം സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി പൻവലിച്ചതായും കണ്ടെത്തി. തുടർന്ന് അക്കൗണ്ട് ഉടമയെ ചോദ്യം ചെയ്തതിൽ നിന്ന് യുവതിയുടെ അക്കൗണ്ട് തട്ടിപ്പ് സംഘാംഗങ്ങൾ തന്ത്രപരമായി ഉപയോഗപ്പെടുത്തിയതാണെന്നും കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയാണ് പ്രതിയിലേക്ക് എത്തിച്ചത്.
കൊല്ലം സിറ്റി ഡി.സി.ആർ.ബി അസി. പൊലീസ് കമ്മിഷണർ എ.നസീന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗോപകുമാർ, നിയാസ്, നന്ദകുമാർ, എ.എസ്.ഐ അരുൺ കുമാർ, സി.പി.ഒ അബ്ദുൾ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |