കൊല്ലം: മുതിർന്ന സി.പി.എം നേതാവ് പി.കെ.ഗുരുദാസന്റെ ഹൃദയമായിരുന്നു വി.എസ്. പി.കെ.ഗുരുദാസനെ സി.പി.എം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും സി.ഐ.ടിയു സംസ്ഥാന സെക്രട്ടറിയായും കൈപിടിച്ചുയർത്തിയത് വി.എസായിരുന്നു. കൊല്ലത്ത് വി.എസിന് ഏറ്റവും ഹൃദയബന്ധമുണ്ടായിരുന്നതും പി.കെ.ഗുരുദാസനോടായിരുന്നു.
വി.എസിനെ ഓർക്കുമ്പോൾ പി.കെ.ഗുരുദാസന്റെ ഹൃദയത്തിൽ ഉണരുന്നത് നിലയ്ക്കാത്ത സമരവേലിയേറ്റമാണ്. അതിൽ ഏറ്റവും തീവ്രം 1986ലെ കശുഅണ്ടി സമരമാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ച പുതുക്കിയ കൂലി വലിയൊരു വിഭാഗം സ്വകാര്യ ഫാക്ടറി ഉടമകൾ നൽകാൻ തയ്യാറായില്ല. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വി.എസ് ശക്തമായ സമരം ആരംഭിക്കാൻ നിർദ്ദേശം നൽകി. കൊല്ലത്ത് കുമാർ ടാക്കീസിൽ കശുഅണ്ടി തൊഴിലാളികൾക്ക് പുറമേ മറ്റ് ബഹുജന സംഘടനാ പ്രവർത്തകരുടെയും യോഗം വിളിച്ചുചേർത്തു. ആ യോഗം ഉദ്ഘാടനം ചെയ്തത് വി.എസായിരുന്നു. കൊല്ലത്ത് നിന്ന് സമരം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്കും പടർന്നു.
ഫാക്ടറി ഉടമകൾ മുട്ടുമടക്കാഞ്ഞതോടെ വി.എസ് സമരത്തിന്റെ നേതൃത്വം നേരിട്ട് എറ്റെടുത്തു. ശക്തമായ പോരാട്ടത്തിനിടയിൽ സുശീല ഗോപാലനും പി.കെ.ഗുരുദാസനും അടക്കമുള്ള നേതാക്കൾ ജയിലിലായി. അറസ്റ്റ് ചെയ്യപ്പെട്ട ഒരു സി.പി.എം പ്രവർത്തകൻ പൊലീസ് ലോക്കപ്പിൽ ക്രൂരമർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടു. ഒടുവിൽ ഫാക്ടറി ഉടമകൾ കോടതിയിലേക്ക് പോയി. വി.എസ് കേസ് നടത്തിപ്പിന്റെയും ചുക്കാൻ ഏറ്റെടുത്തു. അങ്ങനെ മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ ഫാക്ടറി ഉടമകൾ മുട്ടുമടക്കി.
എൻ.എസ് ആശുപത്രിക്ക് പിന്നിൽ
മുതിർന്ന സി.പി.എം നേതാവായിരുന്ന എൻ.ശ്രീധരൻ അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പേരിൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കാൻ പി.കെ.ഗുരുദാസനോട് നിർദ്ദേശിച്ചത് വി.എസായിരുന്നു. അങ്ങനെ തുടങ്ങിയ സൊസൈറ്റിയാണ് എൻ.എസ് ആശുപത്രിയായി മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |