കൊല്ലം: മലബാർ മേഖലയിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിലും അധികാരത്തിലും പ്രധാന പദവികൾ കീഴടക്കിയതായി സി.പി.ഐ ജില്ലാ സമ്മേളന പൊതുചർച്ചയിൽ വിമർശനം. തിരുവിതാംകൂർ മേഖലയിൽ നിന്നുള്ള ജനകീയ നേതാക്കളെ തഴഞ്ഞാണ് മലബാറുകാർക്ക് കൂടുതൽ അവസരം നൽകുന്നതെന്നും ശൂരനാട് നിന്നുള്ള പ്രതിനിധിയുടെ വിമർശനം തുടർന്നു.
പാർട്ടിയുടെ രണ്ട് രാജ്യസഭാ എം.പിമാരും പാർട്ടി സംസ്ഥാന സെക്രട്ടറിയും രണ്ട് അസി. സെക്രട്ടറിമാരും മലബാറുകാരാണ്. ഇത്രയധികം പ്രാതിനിദ്ധ്യം നൽകാനുള്ള വേരോട്ടം പാർട്ടിക്ക് മലബാറിലുണ്ടോയൊന്നും ചോദ്യമുയർന്നു. ആദ്യ ദിവസത്തേത് പോലെ ഇന്നലെയും കെ.രാജൻ ഒഴികെയുള്ള സി.പി.ഐ മന്ത്രിമാർക്കെതിരായ വിമർശനം തുടർന്നു. പാർട്ടി കത്തുമായി ചെല്ലുന്നവരെപ്പോലും മന്ത്രിമാർ പരിഗണിക്കുന്നില്ല. പാർട്ടി പ്രവർത്തകർ നാടാകെ ഇറങ്ങിനടന്ന് പിരിച്ചാണ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ സ്മാരകം നവീകരിക്കാൻ കോടികൾ നൽകിയത്. എന്നിട്ട് സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുറികൾ വാടകയ്ക്ക് നൽകിയത് എം.എന്നോടുള്ള അനാദരവാണെന്നും വിമർശനം ഉയർന്നു.
സി.പി.എം നിയന്ത്രണത്തിൽ കൊല്ലത്തുള്ള സഹകരണ ആശുപത്രി ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നു. പക്ഷെ സി.പി.ഐയുടെ നിയന്ത്രണത്തിൽ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയുടെ സ്ഥിതി പരിതാപകരമാണ്. ഇത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമർശനം ഉയർന്നു. ഇന്ന് പുതിയ ജില്ലാ കൗൺസിൽ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |