പറവൂർ: ആളില്ലാത്ത വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച ശേഷം മറ്റൊരു വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേർ പിടിയിൽ. അസാം സോണിക്‌പൂർ സ്വദേശികളായ സദ്ദാം ഹുസൈൻ (21), ജമാൽ (26), അജിബൂർ (25) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് നീറിക്കോട് കുന്നത്ത് ലോറൻസിന്റെ വീട്ടിൽ ഇന്നലെ രാവിലെ പത്തിനാണ് മോഷണം നടത്തിയത്. വാതിൽ കുത്തിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണവും 800 രൂപയും കവർന്നു. വീട്ടുകാർ കൂനമ്മാവിൽ മരണാനന്തര ചടങ്ങിൽ പോയ സമയത്തായിരുന്നു മോഷണം. പിന്നീട് പതിനൊന്നോടെ വിനോദയാത്രയ്ക്ക് പോയ നീറിക്കോട് പീടികപടിയിലുള്ള കൈതാരൻ ആന്റണിയുടെ വീട് മോഷണസംഘം കുത്തിപ്പൊളിച്ചു. ശബ്ദംകേട്ട് എത്തിയ അയൽവാസികൾ ഇവരെ കണ്ടു. നാട്ടുകാർ മോഷണസംഘത്തിലെ സദ്ദാം ഹുസൈനെ പിടികൂടി പൊലീസിന് കൈമാറി. മറ്റ് രണ്ട് പേരെ വരാപ്പുഴ മൂലംപിള്ളി പാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |