കൊല്ലം: മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച് നൽകുന്ന വീടിന്റെ മാതൃക ഒരുങ്ങി. മിഥുൻ സ്വപ്നം കണ്ടപോലെയുള്ള വീടാണ് ഒരുക്കുന്നത്. രൂപരേഖ അധികൃതർ കാണിച്ചപ്പോഴും 'കാണാൻ ഭംഗിയുള്ളൊരു വീട് വേണം, എന്നിട്ടേ ഞാൻ കൂട്ടുകാരെ ഇവിടേക്ക് കൊണ്ടുവരൂ..'- എന്ന മിഥുന്റെ വാക്കുകൾ അച്ഛനമ്മമാരുടെ കാതിൽ ഇപ്പോഴും മുഴങ്ങുകയാണ്.
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ളാസിൽ ചേർന്നപ്പോൾ എൻ.സി.സി കേഡറ്റാകാൻ എം.മിഥുൻ വലിയ താത്പര്യമെടുത്തത് പട്ടാളക്കാരനാകാൻ ലക്ഷ്യമിട്ടായിരുന്നു. ജോലി കിട്ടിയിട്ടുവേണം നല്ലൊരു വീടുവയ്ക്കാനെന്ന് ആ കുഞ്ഞുപ്രായത്തിലേ മിഥുൻ പറഞ്ഞിരുന്നതൊക്കെ ഇപ്പോഴും ബന്ധുക്കളും കൂട്ടുകാരും ഓർക്കുന്നു. ഇല്ലായ്മകളുടെ കൂര കൂട്ടുകാർ കാണരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നെങ്കിലും നിശ്ചലമായി അവൻ കിടന്നപ്പോൾ കൂട്ടുകാർ വീടും കണ്ടു.
വീടിന്റെ ചുവരിലൊക്കെ 'സ്വപ്നവീടിന്റെ' ചിത്രങ്ങൾ അവൻ വരച്ചിട്ടിരുന്നു. ഇപ്പോഴും ചുവരിൽ ആ ചിത്രങ്ങൾ തെളിഞ്ഞുകിടപ്പുണ്ട്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി സ്വപ്നവീടിന് തറക്കല്ലിട്ടു. ആ സമയത്തും അച്ഛൻ മനുവും അമ്മ സുജയും മിഥുനെയോർത്ത് വിതുമ്പുകയായിരുന്നു.
നിർമ്മാണം ഉടൻ
മൂന്ന് കിടപ്പ് മുറി
രണ്ട് ടോയ്‌ലെറ്റ്
ലിവിംഗ് റൂം
അടുക്കള
ഡൈനിംഗ് ഏരിയ
സിറ്റൗട്ട്
സ്റ്റെയർകെയ്സ്
വിസ്തീർണം - 1000 ചതുരശ്ര അടി
എസ്റ്റിമേറ്റ് ₹ 20 ലക്ഷം
അവന്റെ കൂട്ടുകാരെല്ലാം വല്യ വീട്ടിൽ താമസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് കൊണ്ടുവരാറില്ലായിരുന്നു. ഒരു വീടെന്നത് ഞങ്ങൾ നാലുപേരുടെയും സ്വപ്നമായിരുന്നു. അത് എന്റെ മോൻ സാധിച്ചുതന്നു. പക്ഷെ, ഇന്നവൻ അരികിലില്ല...
അമ്മ സുജ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |