കൊല്ലം: കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി നൽകുന്ന പരിചരണം കൂടുതൽ കാര്യക്ഷമമാക്കാൻ, പാലിയേറ്റീവ് കെയറിന്റെ പുതുരൂപമായ 'കേരള കെയർ' ജില്ലയിൽ ആരംഭിച്ച് മൂന്നു മാസം പിന്നിട്ടപ്പോഴേക്കും, വോളണ്ടിയർമാർ സന്ദർശിച്ചത് 18,606 വീടുകൾ.
പദ്ധതിയുടെ ഭാഗമായ 503 സർക്കാർ സംവിധാനങ്ങളുടെയും 175 സർക്കാർ ഇതര സംവിധാനങ്ങളുടെയും നേതൃത്വത്തിലാണ് രോഗികൾക്ക് വൈദ്യസഹായം ഉൾപ്പടെ സൗജന്യമായി നൽകുന്നത്. പൂർണമായും കിടപ്പിലായ രോഗികൾക്ക് കൃത്യമായ ഇടവേളകളിൽ പരിചരണം നൽകാൻ പഞ്ചായത്ത്, നഗരസഭ തലങ്ങളിലായി 80 പാലിയേറ്റീവ് കെയർ കമ്മ്യുണിറ്റി നഴ്സുമാരെ നിയമിച്ചിട്ടുണ്ട്.
നിശ്ചിത ഓണറേറിയം അതത് തദ്ദേശസ്ഥാപനങ്ങൾ നൽകും. പരസഹായം വേണ്ടാത്ത രോഗികളെ മാസത്തിലൊരിക്കൽ സന്ദർശിക്കും. മുറിവ് കെട്ടുന്നതുൾപ്പടെ പ്രാഥമിക സേവനങ്ങൾ ലഭിക്കും. ജനകീയാരോഗ്യ കേന്ദ്രങ്ങളിലെ ബി.എസ്‌സി/ എം.എസ്‌സി യോഗ്യതയുള്ള മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം.എൽ.എസ്.പി) ജീവനക്കാരെത്തിയാണ് ഗുരുതര രോഗബാധിതരെ ശുശ്രൂഷിക്കുന്നത്. മരുന്നുകൾ, പരിചരണ സാമഗ്രികൾ, വീൽചെയർ, വാട്ടർബെഡ് തുടങ്ങിയവ ലഭ്യമാക്കും.
വീടുകളിലെത്തി പരിചരണം
സമീപത്തെ സർക്കാർ, സന്നദ്ധ സംഘടനകളിലെ ജീവനക്കാരോട് https://kerala.care/palliativecare മുഖേന സേവനം ആവശ്യപ്പെടാം
പാലിയേറ്റീവ് കെയർ കമ്മ്യുണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, ആയുർവേദ ഹോംകെയർ, ഹോമിയോ സംഘം, ഹെൽത്ത് ഇൻസ്പെക്ടർ, ജെ.പി.എച്ച്.എൻ, ആശ - സന്നദ്ധ പ്രവർത്തകർ, ക്യാമ്പസ് പാലിയേറ്റീവ് കെയർ അംഗങ്ങൾ തുടങ്ങിയവർ പരിചരണ സംഘത്തിലുണ്ടാകും
ജില്ലയിൽ രജിസ്റ്റർ ചെയ്തവർ-8081
സ്ത്രീകൾ-3083
പുരുഷന്മാർ-4992
ട്രാൻസ്ജെൻഡർ-6
പരിചരണം ലഭിക്കുന്നവർ
91 വയസിന് മുകളിൽ-617
71- 80: 2520
81-90: 2042
61-70: 1580
51-60: 663
41-50: 367
31-40: 146
19-30: 92
18 വയസുവരെ: 54
ജില്ലയിലെ സാഹചര്യം
ചലിക്കാൻ കഴിയാത്തവർ-2188
കിടക്കയിൽ ചലനശേഷിയുള്ളവർ-1245
പരസഹായത്തോടെ ഇരിക്കുന്നവർ-879
സഹായത്തോടെ എഴുന്നേൽക്കുന്നവർ-536
സാന്ത്വനപരിചരണം നൽകാൻ തയ്യാറായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. കിടപ്പ് രോഗികൾക്ക് പരിചരണത്തോടൊപ്പം മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡോ. ദേവ്കിരൺ,
ജില്ലാ പ്രോഗ്രാം മാനേജർ
ആരോഗ്യകേരളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |