കൊല്ലം: ഓണക്കാലത്ത് പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ മേളകൾക്ക് തുടക്കമായി. ആശ്രാമം മൈതാനത്ത് തുടങ്ങിയ സപ്ലൈകോ ജില്ലാ ഓണം ഫെയർ സെപ്തംബർ നാലുവരെ തുടരും. കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഇന്നലെ ആരംഭിച്ചു. ജില്ലയിൽ ഒരു ജില്ലാ ഫെയറും ഉണ്ടാവും. കൂടാതെ 141 സഹകരണ സൊസൈറ്റികളിലും 26 ത്രിവേണി സ്റ്റോറുകളിലുമായി 167 മേളകൾ നടക്കും. ജയ, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി ലഭിക്കും. സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഓണച്ചന്തയിൽ എത്തിക്കുന്നത്. സെപ്തംബർ 4 വരെയാണ് മേള.
കുടുംബശ്രീ ഓണച്ചന്തകൾ
സ്വന്തം ബ്രാൻഡിൽ ഉപ്പേരിയും ശർക്കര വരട്ടിയും മറ്റ് ഉത്പന്നങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത ഇന്നലെ ആരംഭിച്ചു. 150 ഓണച്ചന്തകളുണ്ടാവും. ജില്ലാതല ഓണവിപണന മേള ആശ്രാമം മൈതാനത്തും കരീപ്രയിലുമാണ്. പായസം മേളയുമുണ്ട്. 20 ൽ അധികം വിപണന സ്റ്റാളുകൾ കൂടാതെ ഫുഡ് സ്റ്റാളുകളും ഉണ്ടാകും.
ഹോർട്ടികോർപ്പ് സ്റ്റാളുകൾ
ന്യായവിലയിൽ പച്ചക്കറികളുമായി സെപ്തംബർ 1 മുതൽ 4 വരെ ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും ഉണ്ടാകും. കൃഷിഭവന്റെ 78 ചന്തകൾ, ഹോർട്ടികോർപ്പിന്റെ 70 ചന്തകൾ, വി.എഫ്.പി.സി.കെയുടെ ചന്തകൾ എന്നിവയുമുണ്ട്. പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികളാണ് എത്തിക്കുന്നത്. പൊതുവിപണിയേക്കാൾ 30 ശതമാനം കുറവാണ്ടാകും. കേര വെളിച്ചെണ്ണയും ഓയിൽപാമിന്റെ പാം ഓയിലും ലഭ്യമാക്കും.
നാടാകെ ഓടി സപ്ളൈകോ
സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓടിത്തുടങ്ങി
കൊല്ലം മുണ്ടയ്ക്കൽ, അയത്തിൽ, കരിക്കോട് ജംഗ്ഷൻ ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 1 വരെ
വാടി, മരുത്തടി, കുരീപ്പുഴ, കൊച്ചാലുംമുട് ഭാഗത്ത് 28ന് ഉച്ചയ്ക്ക് 2ന് ശേഷം
അഷ്ടമുടി ജംഗ്ഷൻ, വള്ളക്കടവ്, പെരുമൺ, കുണ്ടറ ഭാഗത്ത് 30ന്
വെള്ളിമൺ, പ്ലാമുക്ക്, ചന്ദനത്തോപ്പ്, പടപ്പക്കരപള്ളി ജംഗ്ഷൻ, മുളവന ജംഗ്ഷൻ ഭാഗത്ത് 31ന്
ആലുംമൂട്, നെടുമ്പന, നല്ലില, പെരുമ്പുഴ ഷാപ്പ് മുക്ക് ഭാഗത്ത് സെപ്തംബർ ഒന്നിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |