ജില്ലയിലെ കൂടുതൽ സ്കൂളുകളിലേക്ക് സെന്ററുകൾ വ്യാപിപ്പിക്കും
കൊല്ലം: സ്കൂൾ കുട്ടികൾക്ക് മിഠായി ഉൾപ്പെടെയുള്ള സാധനങ്ങൾ സ്കൂൾ വളപ്പിൽ തന്നെ മിതമായ നിരക്കിൽ ലഭ്യമാക്കാൻ കുടുംബശ്രീ ആരംഭിച്ച 'മാ കെയർ' സെന്ററുകൾ ജില്ലയിൽ കൂടുതൽ സ്കൂളുകളിലേക്ക്. കഴിഞ്ഞ 11 ന് അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മാ കെയർ കിയോസ്ക് ജില്ലയിൽ ആദ്യമായി ആരംഭിച്ചത്.
അഞ്ചലിൽ ഉൾപ്പെടെ നിലവിൽ ഒൻപത് സ്കൂളുകളിൽ മാ കെയർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. മറ്റ് ഡിവിഷനുകളിൽ കൂടി സെന്റർ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മിഠായികൾ, പേന, പെൻസിൽ, പുസ്തകങ്ങൾ, സാനിട്ടറി നാപ്കിൻ, കുടുംബശ്രീ സംരംഭകരുടെ ഭക്ഷണ ഉത്പന്നങ്ങൾ, പാനീയങ്ങൾ എന്നിവയാണ് ലഭ്യമാക്കുന്നത്. കാസർകോഡ്, കണ്ണൂർ ജില്ലകളിലെ സ്‌കൂളുകളിൽ മാ കെയർ കിയോസ്‌കുകൾ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇവ വ്യാപിപിക്കാൻ കുടുംബശ്രീ തീരുമാനിച്ചത്.
പുറത്തിറങ്ങേണ്ട
സ്കൂൾ സമയത്ത് സാധനങ്ങൾ വാങ്ങാനായി കുട്ടികൾ സ്‌കൂളിന് പുറത്ത് പോകുന്നത് ഒഴിവാക്കാനാകും. കൂടാതെ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും അവരെ തടയാനും കഴിയും. ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ്സ് മുറികളിലും മാ കെയർ ആരംഭിക്കാനാകും. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും സാധനങ്ങൾ വാങ്ങാം. കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്ക് വരുമാനം നേടാനുള്ള അവസരവും ഈ കിയോസ്കുകളിലൂടെ ലഭിക്കുന്നു. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സാമ്പത്തിക സഹായവും 'മാ കെയർ' ആരംഭിക്കാൻ സംരംഭകർക്ക് ലഭിക്കും.
മാ കെയർ സെന്റർ സ്കൂളുകൾ
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
ജി.എച്ച്.എസ്.എസ് കുമ്മിൾ
ഗുഹാനന്ദപുരം എച്ച്.എസ്.എസ്, തെക്കുംഭാഗം
വി.എച്ച്.എസ്.എസ്, വെള്ളിമൺ
വയനകം വി.എച്ച്.എസ്.എസ്, ഓച്ചിറ
ജി.വി.എച്ച്.എസ്.എസ് പുന്നല
ജി.എച്ച്.എസ്.എസ് പുത്തൂർ
ജി.എച്ച്.എസ്.എസ് വെട്ടികവല
മാർ ഔഗേൻ മെമോറിയൽ എച്ച്.എസ്.എസ്, മേലില
ജില്ല പഞ്ചായത്ത്, മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ വിദ്യാലയങ്ങളിലെല്ലാം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |