പത്തനാപുരം: ജനവാസ മേഖലയായ പിറവന്തൂർ പഞ്ചായത്തിലെ പെതുംന്തോയിൽ ചാങ്ങാപ്പറയിൽ വീടിനോട് ചേർന്ന കിണറ്റിൽ പുലി വീണു. ചാങ്ങാപ്പാറ സുബി ഭവനിൽ (ലക്ഷ്മി ഭവൻ) സുബിയുടെ (51) വീടിനോട് ചേർന്ന ചുറ്റുവട്ടം ഇല്ലാത്ത കിണറ്റിലാണ് പുലി വീണത്.
ഇന്നലെ പുലർച്ചെ 5.45ഓടെയാണ് പുലി പതിനഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണതെന്ന് സംശയിക്കുന്നു. രാവിലെ സുബി വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് നാട്ടുകാരെയും വനപാലകരെയും വിവരം അറിയിച്ചു. അഞ്ച് വയസ് പ്രയമുള്ള ആൺ പുലിയാണ്. നേരം വെളുത്തതോടെ വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകൾ സ്ഥലത്ത് തടിച്ചുകൂടി.
ഉച്ചക്ക് 12 ഓടെ പ്ലാസ്റ്റിക് വലയും ഇരുമ്പ് കുട്ടയും ഉപയോഗിച്ച് ഫയർഫോഴ്സും വനപാലകരും മറ്റ് വിദഗ്ദ്ധ സംഘവും ചേർന്ന് പുലിയെ കരയ്ക്ക് എത്തിച്ചു. തുടർന്ന് പുലിയെ കൂട്ടിൽ കയറ്റിയ ശേഷം ഡി.എഫ്.ഒ ഷാജികുമാർ, പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ അമ്പനാർ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. വിശ്രമത്തിന് ശേഷം വൈകിട്ടോടെ ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അപ്പർ മൂഴിയാർ വനത്തിലേക്ക് കൊണ്ടുപോയി തുറന്നുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |