കൊല്ലം: 'എല്ലാം മക്കളുടെ ചികിത്സയ്ക്കായി വിറ്റു, ഇനി മുന്നോട്ട് പോകാൻ വഴിയില്ല''. കഴിഞ്ഞ 42 വർഷമായി ചാവർകോട് നീരോന്തി പോറ്റിവിള വീട്ടിലെ ഓമനയുടെ (65) കണ്ണുനീർ തോർന്നിട്ടില്ല. താൻ ഇല്ലാതായാൽ ബുദ്ധിമാന്ദ്യം വന്ന മക്കളായ എസ്.മാളുവും (42) എസ്.ശ്യാമും (37) എങ്ങനെ ജീവിക്കുമെന്ന് ഓർത്ത് ആശങ്കയോടെയാണ് ഓമനകുമാരി ഓരോ ദിവസവും തള്ളിനീക്കുന്നത്.
പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത നിലയിലാണ് മാളുവും ശ്യാമും. ചെറുപ്പത്തിൽ തന്നെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ കയറിയിറങ്ങാൻ തുടങ്ങി. ഇതിനിടെ ശ്യാമിന് ജന്നിയും വന്നു. മരുന്നിനും ആശുപത്രിയിലുമായി വലിയ തുക ചെലവായി. ഒടുവിൽ ഇനി ചികിത്സിച്ചിട്ട് ഫലമില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ കൈയൊഴിഞ്ഞു. മാളുവിന് 80% ഉം ശ്യാമിന് 50 % ഉം ആണ് ഡിസബിലിറ്റി ഉള്ളത്. മക്കളെ പരിചരിക്കാൻ രണ്ടുപേർ വേണമെന്ന് വന്നതോടെ അച്ഛനമ്മമാർക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. കടം വാങ്ങിയാണ് വീട്ടിലെ ചെലവും മക്കളുടെ ചികിത്സയും നോക്കുന്നത്.
അപ്രതീക്ഷിതമായി അച്ഛന്റെ വിടവാങ്ങി
ആഹാരത്തിന് പോലും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ കഴിഞ്ഞ ദിവസം ഹൃദയാഘാതം വന്ന് ശാന്തൻപിള്ളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. ഇന്നലെ ഭാര്യയെയും സ്വയം ഒന്നും മനസിലാക്കാൻ കഴിയാത്ത മക്കളെയും തനിച്ചാക്കി അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇനി മുന്നോട്ട് എങ്ങനെയെന്ന ചിന്തയിൽ വഴിമുട്ടി നിൽക്കുകയാണ് കുടുംബം. സുമനസുകളുടെ കനിവാണ് ഇനി പ്രതീക്ഷ. കുറച്ച് നാൾ മുമ്പ് പിതാവ് എ.പി.ശാന്തൻപിള്ള, വാർഡ് അംഗം എസ്.വിജയൻ എന്നിവരുടെ പേരിൽ കാനറാ ബാങ്ക് പാരിപ്പള്ളി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിരുന്നു. അക്കൗണ്ട് നമ്പർ: 110214838693.ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി 0003316.
സമ്പാദ്യം മുഴുവൻ പണയപ്പെടുത്തി. ഇന്നലെ കുട്ടികളുടെ പിതാവ് മരിച്ചു. ഇനി ചികിത്സിക്കണമെങ്കിലും ഇവരുടെ ജീവിതം മുന്നോട്ട് പോകണമെങ്കിലും സുമനസുകളുടെ സഹായം വേണം.
എസ്.വിജയൻ, ചാവർകോട് വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |