ആദ്യഘട്ടത്തിൽ ജില്ലയിലെ 21 സ്കൂളുകളിൽ സ്ഥാപിക്കും
കൊല്ലം: സാനിട്ടറി നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുകയെന്ന ലക്ഷ്യത്തോടെ, ജില്ലയിൽ 21 സ്കൂളുകളിലെ ടോയ്ലെറ്റ് ബ്ലോക്കുകളിൽ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി ഈ മാസം ആരംഭിച്ചേക്കും. ഹരിത കേരളം മിഷന്റെ 'നെറ്റ് സീറോ കാർബൺ' പദ്ധതിയുടെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്.
ഒരു ഇൻസിനറേറ്രർ സ്ഥാപിക്കാൻ 50,000 രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു. മലനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നടപ്പാക്കുന്നത്. മെൻസ്ട്രൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുമ്പോഴും ഭൂരിപക്ഷം പേർക്കും സാനിട്ടറി നാപ്കിനുകളോടാണ് പ്രിയം. അതിനാൽ ഇവ പ്രകൃതി സൗഹൃദമായി സംസ്കരിക്കാൻ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നുവീതം സ്കൂളുകളിലെങ്കിലും ഇൻസിനറേറ്ററുകൾ സ്ഥാപിക്കാനാണ് സംസ്ഥാനതലത്തിൽ നിന്നുള്ള നിർദ്ദേശം.
ആദ്യഘട്ടത്തിൽ ജില്ലയിൽ 11 ബ്ലോക്കുകൾ, കൊല്ലം കോർപ്പറേഷൻ, നഗരസഭകൾ എന്നിവിടങ്ങളിലെ 21 ഹയർ സെക്കൻഡറി സ്കൂളുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്താം. ഇൻസിനറേറ്റർ എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ലാസ് നൽകും. ആദ്യഘട്ടം പൂർത്തിയായ ശേഷം മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.
പരിസ്ഥിതിക്ക് ദോഷമില്ല
മലിനീകരണ നിയന്ത്രണബോഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി
വൈദ്യുതി കണക്ഷനുണ്ടെങ്കിൽ വളരെ വേഗം സ്ഥാപിക്കാനാവും
ടോയ്ലെറ്റുകളിൽ പവർ പ്ലഗ് സ്ഥാപിക്കണം.
സ്വിച്ച് ഇട്ടശേഷം യന്ത്രത്തിൽ നാപ്കിൻ നിക്ഷേപിച്ചാൽ ചാരമായി മാറും.
ഇത് പിന്നീട് നീക്കം ചെയ്യണം
എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡാണ് യന്ത്രം നൽകുന്നത്
പ്രതിദിനം നൂറോളം നാപ്കിനുകൾ സംസ്കരിക്കാനാവും
ഉപേക്ഷിക്കുന്ന നാപ്കിനുകൾ പ്രകൃതിക്ക് ദോഷമാകാത്തവിധം ശാസ്ത്രീയമായി സംസ്‌കരിക്കുകയുമാണ് ലക്ഷ്യം. ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നത്. വൈകാതെ പദ്ധതി ഉദ്ഘാടനം ചെയ്യും
എസ്. ഐസക്, ജില്ലാ കോ ഓർഡിനേറ്റർ, ഹരിതകേരളം മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |