SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

ഇടകലർന്ന കാലാവസ്ഥ: ജില്ലയെ കിടപ്പിലാക്കി ചിക്കൻപോക്‌സ്

Increase Font Size Decrease Font Size Print Page

കൊല്ലം: ജില്ലയിൽ സ്കൂൾ കുട്ടികൾക്കുൾപ്പടെ ചിക്കൻപോക്‌സ് പടർന്ന് പിടിച്ചതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഈ മാസം 12 വരെ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വേനൽക്കാലമാണ് വൈറസിന് അനുകൂലമെങ്കിലും മഴക്കാലത്തും ചിക്കൻപോക്സ് പടരുന്നതായാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

ഇടകലർന്നുള്ള കാലാവസ്ഥയാണ് നിലവിൽ രോഗം വ്യാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ചിക്കൻ പോക്സ് വ്യാപനത്തെ തുടർന്ന് വള്ളിക്കീഴ് ഗവ. ഹൈസ്കൂൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. 15 കുട്ടികളാണ് ചികിത്സയിലുള്ളത്. രോഗ ലക്ഷണങ്ങൾ നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. ശരീരത്തിൽ അവിടവിടെയായി കാണപ്പെടുന്ന ദ്രാവകം നിറഞ്ഞ കുമിളകളാണ് പ്രധാന ലക്ഷണം.

ആദ്യം നെഞ്ചിലും പുറത്തും മുഖത്തും പ്രത്യക്ഷപ്പെടുന്ന കുമിളകൾ വായയുടെ ഉള്ളിലോ കൺപോളകളിലോ ജനനേന്ദ്രിയത്തിലോ തുടങ്ങി ശരീരം മുഴുവൻ കാണപ്പെടാൻ സാദ്ധ്യതയുണ്ട്. കുമിളകൾ പൊങ്ങുന്നതിന് ഒന്ന് രണ്ട് ദിവസം മുമ്പും ഉണങ്ങുന്നത് വരെയും രോഗം പകരാം. കുമിളകൾ പൊറ്റകളായി മാറാൻ ഒരാഴ്ചയാകും. ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ സങ്കീർണ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാം.

72 മണിക്കൂറിനുള്ളിൽ വാക്സിനെടുക്കണം

 ചിക്കൻപോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നത് രോഗവ്യാപനത്തിന് കാരണമാകും

 സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവയിലൂടെയും രോഗം പകരാം

 രോഗികളുമായി സമ്പർക്കമുണ്ടായാൽ 72 മണിക്കൂറിനുള്ളിൽ വാക്സിനെടുക്കണം

 12 വയസിന് മുകളിലുള്ളവ‌‌ർക്ക് 4 മുതൽ 8 ആഴ്ച ഇടവേളയിൽ 2 ഡോസ് വാക്സിനെടുക്കണം

ലക്ഷണം

 പനി, ക്ഷീണം, ശരീരവേദന, ശരീരത്തിൽ കുമിളകൾ, വിശപ്പില്ലായ്മ, തലവേദന

 രോഗം ഗുരുതരമായാൽ ശ്വാസകോശം, തലച്ചോർ, രക്തം എന്നിവയിൽ അണുബാധ ഉണ്ടാകാം

ഇടകലർന്നുള്ള കാലാവസ്ഥയാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. വ്യാപനം കൂടുതലായതിനാൽ മുൻകരുതൽ സ്വീകരിക്കണം.

ആരോഗ്യവകുപ്പ് അധികൃതർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY