കൊല്ലം: ഏറെ നാൾ നീണ്ട കോലാഹലങ്ങൾക്കൊടുവിൽ ഇന്നലെ വൈകിട്ടു നടന്ന കൊട്ടിക്കലാശത്തോടെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണങ്ങൾ അവസാനിച്ചു. ഇനിയൊരു നിശബ്ദ പകലിരവ് പിന്നിടുമ്പോൾ നാടൊന്നാകെ ബൂത്തുകളിലേക്ക് ഒഴുകും.
പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. ഇനി വീടുകൾ കയറി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ. അതോടൊപ്പം വോട്ടർമാർന്നുള്ള സ്ലിപ് വിതരണവും പൂർത്തിയാക്കണം. അയൽവീടുകളിലും ബന്ധുവീടുകളിലുമുള്ള ഹ്രസ്വ സന്ദർശനം, എതിർവശത്തേക്ക് ചായുമെന്ന് സംശയമുള്ളവരെ ഒന്നുകൂടി കണ്ട് വോട്ടുറപ്പിക്കൽ, കന്നിവോട്ടർമാരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തൽ, തലമുതിർന്നവരുടെ അനുഗ്രഹം തേടൽ എന്നിവയ്ക്കാണ് ഇന്നത്തെ പകൽ നീക്കിവച്ചിരിക്കുന്നത്.
നേതാക്കളെ സംബന്ധിച്ചിടത്തോളം കൂട്ടലിന്റെയും കിഴിക്കലിൻെറയും നിർദേശങ്ങളുടെയും ചർച്ചകളുടെയും ദിനമാണിന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാമമാത്രമായ വോട്ടുകൾക്ക് മാത്രം ജയിച്ചുകയറിയ വാർഡുകളുടെ സൂക്ഷ്മാവലോകനം, കന്നീ വോട്ടർമാരുടെ രാഷ്ട്രീയ ചായ്വ്, നിക്ഷ്പക്ഷരായ വോട്ടർമാരുടെ നിലപാട് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള ചർച്ചകളുണ്ടാവും. അതോടൊപ്പം വിമത ഭീഷണി നേരിടുന്ന തങ്ങളുടെ സ്ഥാനാർഥികളെ അവസാന നിമിഷം ഏത് വിധേനയും കരയടിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയാനും ഇന്നത്തെ ദിവസം വിനിയോഗിക്കപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |