10 മീറ്ററിന് മുകളിൽ ഉയർത്തേണ്ട സ്ഥലങ്ങളിൽ പില്ലറിൽ ഗർഡറുകൾ
കൊല്ലം: നിർദ്ദിഷ്ട കടമ്പാട്ടുകോണം- മധുര ഗ്രീൻഫീൽഡ് ഹൈവേയിൽ (പഴയ ചെങ്കോട്ട പദ്ധതി) പത്ത് മീറ്ററിന് മുകളിൽ റോഡ് ഉയർത്തേണ്ട സ്ഥലങ്ങളിൽ മണ്ണ് നിറച്ചുള്ള ഉയരപ്പാതയ്ക്ക് പകരം വയഡക്ട് (പില്ലറുകൾക്കു മുകളിൽ ഗർഡർ സ്ഥാപിക്കുന്നത്) നിർമ്മിക്കും.
പദ്ധതിയുടെ ഡി.പി.ആർ കൺസൾട്ടന്റ് മൂന്നാഴ്ച മുൻപേ ഇതിനുള്ള പഠനം ആരംഭിച്ചു. മലപ്പുറം കൂരിയാടിന് പിന്നാലെ ദേശീയപാതയിൽ കൊട്ടിയത്ത് മണ്ണ് നിറച്ച ഉയരപ്പാത തകർന്നതിന്റെ പശ്ചാത്തലത്തിൽ വയഡക്ടിനാവും അന്തിമ പരിഗണന ലഭിക്കുക.
കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റിൽ ഉൾപ്പെട്ടിട്ടുള്ള പലേടത്തും വലിയ കുഴികളുണ്ട്. ഇവിടങ്ങളിൽ മെയിൻ ക്യാരേജ് വേയിൽ വലിയ കയറ്റങ്ങളും ഇറക്കങ്ങളും ഒഴിവാക്കാൻ മൈലക്കാട് പോലെ റീഇൻഫോഴ്സ്ഡ് എർത്തൻ വാളുകൾ നിർമ്മിച്ച് മണ്ണിട്ട് ഉയർത്താൻ ആദ്യ ഡി.പി.ആറിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ 10 മീറ്ററിൽ കൂടുതൽ മണ്ണിട്ട് ഉയർത്തേണ്ട സ്ഥലങ്ങളിൽ വയഡക്ട് നിർമ്മിച്ചാൽ മതിയെന്ന് മൂന്ന് മാസം മുൻപേ എൻ.എച്ച്.എ.ഐയുടെ പൊതുതീരുമാനം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയുടെ ഡി.പി.ആർ പരിഷ്കരിക്കുന്നത്.
വയഡക്ടുകൾക്ക് ചെലവേറും
വയഡക്ടുകൾ നിർമ്മിക്കാൻ മണ്ണ് നിറച്ചുള്ള ഉയരപ്പാതയെക്കാൾ വൻതുക ചെലവാകും. അതിനാൽ കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണ ചെലവും അനുപാതികമായി ഉയരും. വ്യാപകമായി കുന്നും കുഴികളുമുള്ളതിനാൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടായിട്ടും ഗ്രീൻഫീൽഡ് ഹൈവേയുടെ ഡി.പി.ആർ ആദ്യം തയ്യാറാക്കുന്നതിന് മുൻപ് മണ്ണിന്റെ ഉറപ്പ് സംബന്ധിച്ച് കാര്യമായ പഠനം നടന്നിരുന്നില്ല. മലപ്പുറം കൂരിയാട് ഉയരപ്പാത തകർന്നതിന് പിന്നാലെ കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയുടെ ഡി.പി.ആർ തയ്യാറാക്കുന്ന കൺസൾട്ടൻസിയോട് മണ്ണിന്റെ ഉറപ്പ് സംബന്ധിച്ച ബോർഹോൾ, ജിയോ ടെക്നിക്കൽ പഠനങ്ങൾ കൂടി നടത്താൻ ദേശീയപാത അതോറിട്ടി നിർദ്ദേശിച്ചിരുന്നു.
..............................
നീളം: 59.36 കിലോ മീറ്റർ
വീതി: 45 മീറ്റർ (4 വരി)
നിലവിലെ എസ്റ്റിമേറ്റ്: 4047 കോടി
സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു
ഡി.പി.ആർ പരിഷ്കരിക്കുന്നു
കൂടുതൽ സ്ഥലങ്ങളിൽ വയഡക്ടുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |