കൊല്ലം: ശാസ്താംകോട്ടയിൽ തെരുവ് നായ 3 പേരെ കടിച്ചു പരിക്കേൽപ്പിച്ചു. തിരഞ്ഞെടുപ്പ പ്രചാരണത്തിന് പോയവർക്ക് നേരെയും നായ പാഞ്ഞടുത്തെങ്കിലും ഇവർ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി ഗേറ്റ് അടച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു
ശാസ്താംകോട്ട മനക്കര അനുഭവനത്തിൽ രാധാമണിയെയാണ് (60) ആദ്യം തെരുവുനായ ആക്രമിച്ചത്. വീട്ടിൽ നിന്ന് അയൽ വീട്ടിലേക്ക് കയറിയ സമയം നായ കുരച്ചുകൊണ്ട് ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. മറിഞ്ഞുവീണ രാധാമണിയുടെ വലത് പാദത്തിലും ഇടതുകാലിലും നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവുണ്ടായി. വീഴ്ചയിൽ കാലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. പിന്നീട് മനക്കര കുഴിയിൽ കിഴക്കതിൽ ഉദയ ഭവനത്തിൽ ഷീബ, ബി.എസ്‌സി നേഴ്സിംഗ് വിദ്യാർത്ഥി മഠത്തിൽ പടിഞ്ഞാറ്റതിൽ നസീന സുൽത്താന എന്നിവർക്കും കടിയേറ്റു.
ഇതിനിടെ, കഴിഞ്ഞ ദിവസം പേപ്പട്ടിയെ തല്ലിക്കൊന്ന സ്ഥാനാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കാരാളിമുക്ക് മേഖലയിൽ കറങ്ങിനടന്ന് നാലുപേരെ കടിച്ച പേപ്പട്ടിയെ തല്ലിക്കൊന്ന സംഭവത്തിൽ പടിഞ്ഞാറേ കല്ലട കാരാളിമുക്ക് ടൗൺ വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സുരേഷ് ചന്ദ്രനെതിരെയാണ് കേസ് എടുത്തത്. സുരേഷ് ചന്ദ്രൻ പട്ടിയെ തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൃഗസ്നേഹികളാണ് കേസിനു പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ വിരോധികളാണ് പൊലിസിനെ സമീപിച്ചതെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഉന്നതതല ഇടപെടലുണ്ടായെന്നും ഇവർ പറയുന്നു. കാരാളിമുക്കിൽ തെരുവ് നായ കടിച്ചവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |