കൊല്ലം: ജില്ലാ പഞ്ചായത്തിൽ വീണ്ടും എൽ.ഡി.എഫ് ഭരണസമിതി ചുമതലയേറ്റു. കളക്ടർ എൻ. ദേവിദാസ് വരണാധികാരിയായാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആർ. ലതാദേവിക്ക് കളക്ടറും വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബുവിന് പ്രസിഡന്റും സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതികൾ തുടർന്നുവന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്ന് സ്ഥാനമേറ്റ ശേഷം ഡോ. ആർ. ലതാദേവിയും എസ്.ആർ. അരുൺബാബുവും പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം നടന്നു അനുമോദന യോഗത്തിൽ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, സി.പി.ഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
ഡോ. ആർ. ലതാദേവിയും എസ്.ആർ. അരുൺബാബുവും ആദ്യമായാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങളാകുന്നത്. കടയ്ക്കൽ സ്വദേശിനിയായ ഡോ. ആർ. ലതാദേവി സ്കൂൾ പഠനകാലത്ത് എ.ഐ.എസ്.എഫ് പ്രവർത്തകയായി. കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിന്ന് ബി.എ ഹിസ്റ്ററി മൂന്നാം റാങ്കോടെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം.എ ഹിസ്റ്ററി ഒന്നാം റാങ്കോടെയും പാസായി. കാര്യവട്ടം കാമ്പസിൽ നിന്ന് പിഎച്ച്.ഡി നേടി. എ.ഐ.എസ്.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും എ.ഐ.വൈ.എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. തൃശൂർ കേരളവർമ്മ കോളേജ്, വർക്കല എസ്.എൻ കോളേജ്, ചെമ്പഴന്തി എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. പ്രോഗ്രസീവ് ഫെഡറേഷൻ ഒഫ് കോളേജ് ടീച്ചേഴ്സിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1996ൽ ചടയമംഗലത്ത് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എസ്.ആർ. അരുൺബാബു എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |