കൊല്ലം: ജില്ലാ ആശുപത്രിയിലെ അടർന്ന് വീഴാറായ കോൺക്രീറ്റ് പാളികൾ രോഗികൾക്കും ആശുപത്രിയിൽ എത്തുന്നവർക്കും ഭീഷണിയാവുന്നു. ഒ.പി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട കെട്ടിടത്തിന്റെ പലഭാഗത്തും കോൺക്രീറ്റ് പാളികൾ അടർന്നു മാറി കമ്പി തെളിഞ്ഞ നിലയിലാണ്. കെട്ടിടങ്ങളുടെ അപകടാവസ്ഥ അധികൃതരെ അറിയിച്ചാൽ, ആ കെട്ടിടങ്ങൾ പൊളിക്കാനുള്ളതാണെന്നാണ് മറുപടി. ആർക്കെങ്കിലും അപകടം സംഭവിച്ചാൽ ആര് ഉത്തരവാദിത്വം പറയുമെന്ന ചോദ്യം മാത്രം ബാക്കി നിൽക്കുന്നു.
കെട്ടിടങ്ങളുടെ ഭൂരിഭാഗം സൺ ഷെയ്ഡുകളും ആരുടെ തലയിൽ വേണമെങ്കിലും വീഴാം. ദിവസവും 2000 ഓളം പേർ ചികിത്സ തേടിയെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ദിവസം തിയേറ്ററിനടുത്ത്, ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്തുന്ന വാർഡിൽ അവരുടെ മുകളിലേക്ക് കോൺക്രീറ്റ് പാളി അടർന്ന് വീണത് പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
ഓർത്തോ ഒ.പിക്ക് സമീപം, എം.എസ് വാർഡ് തുടങ്ങി ഇടനാഴികളിലെല്ലാം മുകൾവശത്തെ കോൺക്രീറ്റ് പാളികൾ തകർന്ന് വീഴാൻ പാകത്തിന് പൊളിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞിരുന്ന, ഫാർമസിയിലേക്ക് കയറുന്ന ഭാഗം നിലവിൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കിയിട്ടുണ്ട്. സി.ടി സ്കാൻ, ആട്ടോ ക്ലേവ്, അൾട്രാ സൗണ്ട് തുടങ്ങിയവ പ്രവർത്തിക്കുന്ന മോർച്ചറിക്ക് സമീപത്തെ കെട്ടിടത്തിന് മുന്നിൽ സൺ ഷെയ്ഡിൽ നിന്ന് മുകളിലേക്ക് തൂണുപോലെയുള്ള ഭാഗം പൊട്ടിക്കീറിയ നിലയിലാണ്.
ഇവിടേക്ക് പോകുന്ന നടപ്പാതയിലെ മേൽക്കൂര പൂർണമായും തകർന്നു. ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ നിലംപൊത്താം. രോഗികളുമായി സ്ട്രച്ചറിൽ എത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് ഈ വഴിയിൽ അനധികൃതമായി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.
ഫാർമസിയിലും ഭീഷണി!
മരുന്ന് വാങ്ങാൻ ഫാർമസിയിൽ എത്തുന്നവർ അനുഭവിക്കുന്ന വെല്ലുവിളികൾ പലതാണ് കനത്ത ചൂടും കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ ദുർഗന്ധവും സഹിക്കണം. പൈപ്പിന് ചോർച്ചയുള്ളതിനാൽ വാർഡുകളിലെ ഉൾപ്പടെ ടോയ്ലറ്റുകളിൽ നിന്നുള്ള അഴുക്ക് വെള്ളം ഇരിപ്പിടങ്ങൾക്ക് സമീപം കെട്ടിക്കിടക്കുന്നു. ഇതിലൂടെയാണ് രോഗികൾ അടക്കം നടക്കുന്നത്. ചോർച്ചയടയ്ക്കാൻ വച്ചു കെട്ടിയ
തുണിയുടെ പഴക്കം കാരണം അഴുക്ക് വെള്ളം ഇവിടെത്തന്നെ വീഴുന്ന അവസ്ഥയാണ്.
കൊളുത്തില്ലാത്ത ടോയ്ലറ്റ്
ജില്ലാ ആശുപത്രിയിൽ ഫാർമസി പ്രവർത്തിക്കുന്ന ഭാഗത്തെ ടോയ്‌ലെറ്റ് ഉപയോഗിക്കണമെങ്കിൽ പുറത്തൊരാളെ കാവൽ നിറുത്തണം. കാരണം ടോയ്‌ലെറ്റിന്റെ വാതിലിന് കുറ്റിയും കൊളുത്തുമില്ല. രണ്ടെണ്ണമുണ്ട്. ഒരെണ്ണം ജീവനക്കാർക്ക് വേണ്ടിയുള്ളതായതിനാൽ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. ആശുപത്രിയിൽ എത്തുന്നവർക്ക് ഉപയോഗിക്കാനുള്ളതിന്റെ കതകിൽ അകത്തും പുറത്തും കുറ്റിയും കൊളുത്തുമില്ല. മറ്റൊരാൾ പുറത്തില്ലെങ്കിൽ അകത്തിരിക്കാൻ കഴിയാത്ത അവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |