തിമിംഗല ഛർദ്ദി ലഭിച്ചത് ജോനകപ്പുറത്തു നിന്ന് പോയവർക്ക്
കൊല്ലം: ജോനകപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്ന് ലഭിച്ച അജ്ഞാത വസ്തു തിമിംഗല ഛർദ്ദിയാണെന്ന് (ആംബർഗ്രിസ്) പ്രാഥമിക നിഗമനം. കഴിഞ്ഞ 22 ന് വൈകിട്ട് 5.45 ഓടെ കൊല്ലം തീരത്ത് നിന്ന് ഏകദേശം 29.5 കിലോമീറ്റർ (33.5 മാർ) അകലെ നിന്നാണ് ജോനകപ്പുറം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള 'അപ്പ അമ്മ' ബോട്ടിൽ പോയ തൊഴിലാളികൾക്ക് ഇതു ലഭിച്ചത്.
വലയിടാൻ ശ്രമിക്കുന്നതിനിടെ അജ്ഞാത വസ്തു കടലിൽ ഒഴുകി നടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇത് കോരി എടുത്ത് ബോട്ടിലേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി ആണോ എന്ന സംശയം ബലപ്പെട്ടത്. ആദ്യത്തെ ഭാഗം ലഭിച്ചതിന് അരകിലോമീറ്റർ മാറി രണ്ടാമത്തെ ഭാഗവും കണ്ടെത്തി. കോടികൾ വിലവരുന്നതാണ് തിമിംഗല ഛർദ്ദി. തൊഴിലാളികൾ ഇക്കാര്യം ഉടൻ പൊലീസിനെയും ഫിഷറീസിനെയും വനംവകുപ്പിനെയും അറിയിച്ചു. തുടർന്ന് ഇന്നലെ പുലർച്ചെ 5.45 ഓടെ ബോട്ട് ജോനകപ്പുറം ഭാഗത്ത് അടുപ്പിച്ചശേഷം വനം വകുപ്പ് അധികൃതർക്ക് കൈമാറി. പള്ളിത്തോട്ടം പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ 22 ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.
5 കിലോ 160 ഗ്രം
ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് സാമ്പിൾ അയയ്ക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതിന്റെ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം നടത്താനാവൂ. 5 കിലോ 160 ഗ്രാം തൂക്കമുണ്ട്. നിയമപരമായ പരിശോധനകൾക്കും തുടർനടപടികൾക്കുമായി അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.
കടലിലെ നിധി
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെ വിളിപ്പേര്
സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലെയുള്ള വസ്തു
പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു
തിമിംഗലം ഛർദ്ദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്
രൂക്ഷമായ ഗന്ധവും അപ്പോഴുണ്ടാവും
പിന്നീട് ഖരരൂപത്തിലെത്തും
ഇതിന് നേരിയ സുഗന്ധവുമുണ്ടാകും
വിപണിയിൽ സ്വർണത്തോളം വിലമതിക്കും
ജലനിരപ്പിലൂടെ ഒഴുകി നടക്കും
സൂക്ഷിക്കരുത്, വിൽക്കരുത്
സ്പേം തിമിംഗലങ്ങൾ സംരക്ഷിത വിഭാഗത്തിൽ പെട്ടവയായതിനാൽ ഇന്ത്യയിൽ തിമിംഗല ഛർദ്ദി കൈവശം വയ്ക്കുന്നതും വിൽക്കുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |