കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിലെ മുഖ്യപ്രതി കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. ആശ്രാമം ലക്ഷ്മണാ നഗർ 31, ശോഭാമന്ദിരത്തിൽ വിഷ്ണു(32) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂലായ് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം ആശ്രമം സ്വദേശിയായ യുവാവിനേയും സുഹൃത്തിനേയുമാണ് ഇവർ ആക്രമിച്ച് പരിക്കേല്പിച്ചത്. വിഷ്ണുവിന് ഓടിക്കാൻ കൊടുത്ത മോട്ടോർബൈക്ക് യുവാവ് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന് പൊട്ടൽ സംഭവിക്കുകയും പല്ല് ഒടിയുകയും ചെയ്തിരുന്നു. 2010 മുതൽ ഇതുവരെ ഇരുപതോളം ക്രിമിനൽ കേസുകളിൽ വിഷ്ണു പ്രതിയാണ്. കാപ്പാ നിയമപ്രകാരവും ഇയാൾക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിയാസ്,ഷൈജു,സി.പി.ഒമാരായ അജയകുമാർ,ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |