കൊച്ചി: മലയാളി സ്വർണാഭരണ നിർമ്മാതാവിനെ കൊള്ളയടിച്ച കേസിൽ മരട് അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് തമിഴ്നാട് പൊലീസ്. ചൊവ്വാഴ്ച എറണാകുളം സബ് ജയിലിൽ പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കി കോയമ്പത്തൂർ മധുക്കരൈ കോടതിയിൽ എത്തിച്ച അനീഷിനെ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ബുധനാഴ്ച വൈകിട്ടോടെ എറണാകുളം സബ് ജയിലിൽ തിരികെ എത്തിച്ചു. കവർച്ചാ കേസിൽ അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കെ.ജി ചാവടി പൊലീസ് ഉടൻ കോടതിയെ സമീപിക്കും.
കേസിൽ തൃശൂർ, എറണാകുളം, ആലപ്പുഴ സ്വദേശികളായ 12 പ്രതികൾ ഇതുവരെ പിടിയിലായതായി
അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ ഷൺമുഖം പറഞ്ഞു.
എന്നാൽ കവർച്ചയുടെ ആസൂത്രകരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആഭരണ നിർമ്മാതാവിൽ നിന്ന് 1.25 കിലോ സ്വർണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയവരെ തിരിച്ചറിയാനാണ് അനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. കവർച്ച ചെയ്ത സ്വർണ ബിസ്കറ്റുകൾ കണ്ടെടുക്കുന്നതും പൊലീസിന് വെല്ലുവിളിയായി തുടരുകയാണ്. 2025 ജൂണിലാണ് സേലം - കൊച്ചി ദേശീയപാതയിൽ സ്വർണാഭരണ നിർമ്മാതാവിനെ കാർ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തി സ്വർണ ബിസ്കറ്റുകളും ആഡംബര കാറും തട്ടിയെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |