കൊല്ലം: ജയിലിൽ പോയി നല്ല ഭക്ഷണം കഴിക്കുകയെന്ന ലക്ഷ്യത്തോടെ, കളക്ടറേറ്റിലെ എമർജൻസി നമ്പരിലേക്ക് സ്വന്തം മൊബൈലിൽ നിന്ന് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ യുവാവ് മുക്കാൽ മണിക്കൂറിനകം പൊലീസ് പിടിയിൽ. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോണിനെയാണ് (44) കൊല്ലം വെസ്റ്റ് പൊലീസ് വീട്ടിലെത്തി പിടികൂടിയത്.
ഇന്നലെ രാവിലെ പത്തോടെയാണ് 112ലേക്ക് വിളിച്ച്, കളക്ടറേറ്റിൽ താൻ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനുട്ടിനുള്ളിൽ പൊട്ടുമെന്നും ഭീഷണിപ്പെടുത്തിയത്. പൊലീസ് ഉടൻതന്നെ സിമ്മിന്റെ ഉടമയെ തിരിച്ചറിഞ്ഞു. തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കി 10.45 ഓടെ പ്രമോദിന്റെ വീട്ടിൽ പൊലീസ് സംഘമെത്തി. ഈ സമയം പൊലീസിനെ പ്രതീക്ഷിച്ചെന്ന പോലെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു പ്രമോദ്.
ജയിലിൽ പോയി നല്ല ഭക്ഷണം കഴിക്കാനാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന പ്രമോദ് ആദ്യം തന്നെ വെളിപ്പെടുത്തിയെങ്കിലും പൊലീസ് വിശ്വസിച്ചില്ല. തീവ്രവാദ ബന്ധം സംശയിച്ച് തലങ്ങും വിലങ്ങും ചോദ്യം ചെയ്തതോടെ, വല്ല പെട്ടിക്കടയിലും ബോംബ് വച്ചെന്ന് പറഞ്ഞാൽ മതിയായിരുന്നുവെന്ന് പ്രമോദ് ഉദ്യോഗസ്ഥർക്ക് മുന്നിൽ പരിതപിച്ചു! തുടർന്ന് പ്രാദേശിക അന്വേഷണത്തിന് ശേഷമാണ് പ്രമോദ് പറയുന്നത് ശരിയാണെന്ന് പൊലീസ് വിശ്വസിച്ചത്. അവിവാഹിതനായ ഇയാൾ ജോലിക്ക് പോകാറില്ല. നേരത്തെ അടിപിടിക്കേസിൽ 15 ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അന്നാണ് ജയിൽ ഭക്ഷണം ആദ്യമായി കഴിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി മദ്യപിച്ചിരുന്നു. പൊതുജനത്തിന് ഭീഷണിയാകുന്ന വ്യാജ സന്ദേശം നൽകി, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ പ്രമോദിന്റെ പേരിൽ ചുമത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.