വഴിയോര തണ്ണിമത്തൻ കച്ചവടം ഉഷാറാകുന്നു
കൊല്ലം: വേനൽ കടുത്തതോടെ പഴവിപണിയിലെ താരമായി തണ്ണിമത്തൻ. നോമ്പു കാലവും ചൂട് കൂടുകയും ചെയ്തതോടെ തണ്ണിമത്തന്റെ വിലയും വില്പനയും കുതിച്ചുയരുകയാണ്. വഴിയോര വിപണിയിലുൾപ്പെടെ തണ്ണിമത്തന് ആവശ്യക്കാർ ഏറി. കടുത്ത വേനലിൽ ശരീരത്തിലെ ജലനഷ്ടം തടയുന്നതിന് സഹായിക്കുമെന്നതാണ് തണ്ണിമത്തന് പ്രിയമേറാൻ കാരണം. സാദ തണ്ണിമത്തൻ,കുരു അധികമില്ലാത്തതും മധുരം കൂടിയതുമായ കിരൺ, മഞ്ഞനിറത്തിലുള്ളവ,അകം മഞ്ഞ നിറത്തിലുള്ളവ (മിഥില),പുറംഭാഗം മഞ്ഞനിറവും ഉൾഭാഗം ചുവപ്പ് നിറത്തിലുള്ളവ (വിശാൽ) എന്നിവയാണ് വിപണിയിലുള്ളത്. കർണാടക,തമിഴ്നാട്,ദിണ്ടിവനം,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. കിരണിന് മൊത്തവിപണിയിൽ 25 ആണ് ഈടാക്കുന്നത്. ചില്ലറ വില്പനയിൽ 5- 15 വരെ ഈടാക്കുന്നവർ ഉണ്ട്. പ്രാദേശികാടിസ്ഥാനത്തിൽ വിലയിൽ നേരിയ വ്യാത്യാസം ഉണ്ടാകാം. കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് ഡിമാൻഡ് കൂടുതൽ. ചൂട് കനക്കുകയാണെങ്കിൽ വില ഇനിയും ഉയരാമെന്നാണ് വ്യാപാരികൾ പറയുന്നത്. നോമ്പ് കാലം കൂടിയായതിനാൽ ഷമാമിനും കുരുവില്ലാത്ത കറുത്തമുന്തിരിക്കും പച്ചമുന്തിരിക്കും ഉൾപ്പെടെ ആവശ്യക്കാർ ഏറെയാണ്.
മൊത്തവിപണിയിലെ വില
വിശാൽ (യെല്ലോ കിരൺ) ഫസ്റ്ര് ക്വാളിറ്റി...... 28
സെക്കൻഡ് ക്വാളിറ്റി ....... 22
അകത്ത് മഞ്ഞ നിറമുള്ള (മിഥില) ........28 രൂപ
ജന്നത്ത് ഇനത്തിന് (ഉരുണ്ട തണ്ണിമത്തൻ)........ 28
സാധതണ്ണിമത്തൻ...........16-18
ജ്യൂസിനും ഡിമാൻഡ്
തണ്ണിമത്തൻ ജ്യൂസിനും നല്ല ഡിമാൻഡുണ്ട്. ഒരു ഗ്ളാസിന് 30 മുതൽ 50 വരെയാണ് വില. പൈനാപ്പിൾ ജ്യൂസിന് 50 മുതൽ 60 വരെയും ഓറഞ്ചിന് 40 മുതൽ 60 വരെയും ഷമാമിനും മുന്തിരിക്കും പപ്പായ ജ്യൂസിനും 50 രൂപയുമാണ്. കരിക്കിന് 40 മുതൽ 50 വരെയായി. ഫ്രഷ് ലൈമിന് 25 മുതൽ 30 രൂപ വരെ നൽകണം.
കിരൺ ഡൽഹിയിലേക്ക് കയറ്റുമതി കൂടിയപ്പോൾ വില കിരണിന് അല്പം ഉയർന്നിരുന്നു. ഇപ്പോൾ കേരളത്തിൽ ഉൾപ്പെടെ തണ്ണിമത്തൻ എത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നിച്ച് വിളവെടുപ്പായതിനാൽ വിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്. ചൂട് ഇങ്ങനെ തുടർന്നാൽ വില ഉയരാനാണ് സാദ്ധ്യത - സിയാദ്, മൊത്തവ്യാപാരി, എൻ.എസ് ഫ്രൂട്ട്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |