കോട്ടയം . നെല്ലിന് അധിക വിലയോ സംഭരണത്തിന് പ്രത്യേക ഫണ്ടോ സംസ്ഥാന സർക്കാർ അനുവദിക്കാത്തത് നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്നു.
റബർ വിലയിടിന്റെ പേരിൽ ഇടതു വലതു മുന്നണികൾ മത്സരിച്ച് പ്രക്ഷോഭം നടത്തുമ്പോൾ നെൽകർഷകർക്കായി വാദിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുമില്ല.
അതേസമയം കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില ഒരു രൂപ കൂട്ടി. പതിവനുസരിച്ച് സംസ്ഥാന സർക്കാർ വിഹിതം കൂട്ടിയില്ല. 28 രൂപ 20 പൈസയാണ് ഒരു കിലോ നെല്ലിന് സംസ്ഥാന സർക്കാർ നൽകുന്നത്. മില്ലുകാർക്കുള്ള കൈകാര്യ ചെലവ് കൂടിച്ചേർത്ത് 28 രൂപ 32 പൈസയാണ് സപ്ലൈക്കോ നൽകുന്നത്. എന്നാൽ നെല്ലിലെ നനവ്, തൂക്കക്കുറവ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി മില്ലുകാർ പിന്നെയും വിലയും തൂക്കവും കുറക്കും. റബറിന് സബ്സിഡി നൽകാൻ 600 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. വിരിപ്പ് കൃഷിയിൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ പൂർണമായി നൽകിയിട്ടില്ല. പുഞ്ചക്കൃഷി കൊയ്ത്ത് കഴിഞ്ഞ് ആരംഭിക്കുന്ന നെല്ല് സംഭരണ തുക എന്നു കിട്ടുമെന്ന് ഉറപ്പില്ല. ബാങ്ക് വായ്പയെടുത്തും സ്വർണം പണയം വച്ചും കൃഷി ചെയ്ത കർഷകർ ഇതോടെ വൻ കടത്തിലായി.
ഒരേക്കർ കൃഷി ചെലവ് 50000-60000.
രാസവളം കീടനാശിനി തൊഴിലാളി കൂലി എന്നിവയിൽ വൻ വർദ്ധനവായി. 20 ക്വിന്റലിലേറെ വിളവ് ലഭിച്ചാൽ 56000 രൂപ കിട്ടും. 18 ക്വിന്റൽ വരെയാണ് പലർക്കും കിട്ടിയത്. മഴയിൽ നെല്ല് കുതിർന്നാൽ സ്വകാര്യമില്ലുകളുടെ മെല്ലെപ്പോക്ക് വഴി സംഭരണം പാളിയാൽ എല്ലാം താളം തെറ്റും. വൻ നഷ്ടമാവും കർഷകർക്ക് ഉണ്ടാവുക.
കൊടുക്കാനുള്ളത് 189.37 കോടി .
189.37 കോടി രൂപയാണ് നെൽസംഭരിച്ച വകയിൽ നൽകാനുള്ളത്. ഉടൻ നൽകുമെന്ന് കൃഷി വകുപ്പുമന്ത്രി പ്രഖ്യാപിച്ചെങ്കിലും കേന്ദ്രസർക്കാർ 400 കോടി നൽകാനുള്ളതിനാൽ ഉടനെയെങ്ങും കിട്ടുമെന്ന പ്രതീക്ഷ വേണ്ട.
നെൽകർഷകൻ ബാബു കുമരകം പറയുന്നു.
നെല്ലിന്റെ താങ്ങു വില കേന്ദ്രം വർദ്ധിപ്പിക്കുന്നതിന് പിറകെ സംസ്ഥാന സർക്കാരും വർദ്ധിപ്പിക്കുന്ന പതിവ് ഉപേക്ഷിച്ചു. സംഭരണത്തിന് പ്രത്യേക തുകയും ബഡ്ജറ്റിൽ അനുവദിച്ചിട്ടില്ല. സ്വകാര്യമില്ലുകൾക്ക് സംഭരണ താത്പര്യം ഇതോടെ കുറയും. നെല്ല് പാടത്തു തന്നെ കെട്ടിക്കിടന്ന് മഴ നനഞ്ഞു നശിക്കും. ഭൂരിപക്ഷം കർഷകരും നെൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |