പാലാ: ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെട്ട ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അരീക്കുഴി ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം.
88 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള എന്നിവർ പറഞ്ഞു. അരീക്കുഴി വെള്ളച്ചാട്ടം, ആനക്കല്ലുമല, കെ.ആർ നാരായണൻ സ്മൃതി മണ്ഡപം എന്നിവ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ഉഴവൂർ പഞ്ചായത്ത് ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നുവെങ്കിലും അരീക്കുഴി വെള്ളച്ചാട്ടത്തിന് മാത്രമാണ് നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതി തുകയുടെ 60 ശതമാനം തുക (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പാണ് വഹിക്കുന്നത്. ബാക്കി തുക തദ്ദേശ സ്വയം ഭരണ സ്ഥാപനം കണ്ടെത്തണം. ചെക്ക് ഡാം, ഓപ്പൺ ജിമ്മിനുള്ള സൗകര്യം, ഭിന്നശേഷിയുള്ളവർക്കുള്ള സൗകര്യം, സ്ട്രീറ്റ് ലൈറ്റ്, മിനി മാസ്റ്റ് ലൈറ്റ്, ഹാൻഡ് റെയിൽ, സൈഡ് കെട്ട്, സെൽഫി പോയിന്റ്, ടോയ്‌ലറ്റ്, വർക്ക് ഷെഡ് ഉൾപ്പെടെ വിപുലമായി പദ്ധതിയാണ് അരീക്കുഴി വെള്ളച്ചാട്ടത്തിനായി തയാറാക്കിയിരിക്കുന്നത്
അടുത്തറിയാം
പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകി എത്തുന്ന പ്രകൃതിയുടെ വരദാനമാണ് അരീക്കുഴി വെള്ളച്ചാട്ടം. വലിയ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശം മൺസൂൺ കാലത്ത് സജീവമാകും. ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. ഉഴവൂർ ടൗണിൽ നിന്നും ഏകദേശം 2.5 കി.മീ. ദൂരത്തായി ഗ്രാമപഞ്ചായത്ത് 4ാം വാർഡിലാണ് അരീക്കുഴി വെള്ളച്ചാട്ടം.
അരീക്കുഴി ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുതോടുകൂടി അരീക്കര, ഉഴവൂർ ടൗണിന്റെ മുഖഛായ തന്നെ മാറും. വിനോദ സഞ്ചാരികളുടെയും തദ്ദേശീയരുടെയും വരവ് പ്രദേശത്തിന്റെ വരുമാന സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
ജോണിസ് പി. സ്റ്റീഫൻ, പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |