ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ ഇന്ന് കുർബാനമദ്ധ്യേ ഫാ.ജോസഫ് തേർമഠം നൽകുന്ന സന്ദേശം വിശ്വാസികളാരും കേൾക്കില്ല. പക്ഷേ ജോസഫിന്റെ കൈവിരലുകളിൽ ദൈവവചനങ്ങളുടെ സന്ദേശങ്ങൾ ചിറകടിക്കും. ആദ്യവിശുദ്ധയുടെ പുണ്യവും ജീവിതവിശുദ്ധിയും ആംഗ്യചലനങ്ങളായി അവതരിക്കും. ഇങ്ങനെ ബധിരർക്കൊരു ബലി അർപ്പിക്കുന്ന ഫാ.ജോസഫ് തേർമഠം രാജ്യത്തെ ആദ്യത്തെ ബധിരവൈദികനാണ്. ഇന്ത്യയിലെ ആദ്യവിശുദ്ധയ്ക്ക് ആദ്യബധിര വൈദികന്റെ കൃതജ്ഞതാബലി.
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് 2.30നാണ് ബധിരർക്കുവേണ്ടിയുള്ള പ്രത്യേകമായി കുർബാനയും നെവേനയും. ആംഗ്യഭാഷാ പഠനത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കിയ കോട്ടയം നവധ്വനിയിലെ ഫാ.ബിജു മൂലക്കരയാണ് കുർബാന അർപ്പിക്കുന്നത്. സന്ദേശം നൽകുന്നതാകട്ടെ ബധിരനായ ഫാ.ജോസഫ് തേർമഠവും. ഫാ.ബിജു തുടർച്ചയായ അഞ്ചാം വർഷമാണ് ബധിരർക്കായി കുർബാന അർപ്പിക്കുന്നത്. സന്ദേശം നൽകുന്ന ഫാ.ജോസഫ് തേർമഠത്തിന് ഇതാദ്യ ഊഴമാണ്.
അഭിഷിക്തനായത് രണ്ട് മാസം മുമ്പാണ്
രണ്ട് മാസം മുമ്പാണ് ഫാ.ജോസഫ് തേർമഠം അഭിഷിക്തനായത്. തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ജോർജ്ജ് തേർമഠത്തിന്റെ ഇളയ സഹോദരൻ തോമസിന്റെയും ഭാര്യ റോസിയുടെയും രണ്ടാമത്തെ മകനാണ് ജോസഫച്ചൻ. ജന്മനാ ബധിരൻ. ഇരുവൈദികരും കോട്ടയം നവധ്വനിയിലാണ് സേവനമനുഷ്ഠിക്കുന്നത്. ഹോളിക്രോസ് സന്യാസ സമൂഹത്തിൽപ്പെട്ട ഫാ.ബിജു ആദ്യകുർബാന ചൊല്ലിയത് ആംഗ്യഭാഷയിലാണ്. തുടർന്ന് ബധിരർക്കുവേണ്ടി ആത്മീയ ശുശ്രൂഷ ചെയ്യുന്നതിന് ജീവിതം മാറ്റിവച്ചു. ഫാ.ബിജു മൂലക്കരയുടെ പിന്തുണയോടെയാണ് ജോസഫ് വൈദികപഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ മേയ് 2ന് കൈവയ്പ്പ് ശുശ്രൂഷയിലൂടെയാണ് ജോസഫ് ഫാ. ജോസഫ് തേർമഠമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |