തിരുവനന്തപുരം: മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ തന്റെ മുന്നിൽ പുഞ്ചിരിതൂകി ദുർഗാദേവിയുടെ ശില്പം കാണുമ്പോൾ ശില്പി കെ.ആർ.മോഹനനുണ്ടാകുന്നത് ആത്മഹർഷം. 108 കൈകളുള്ള ശില്പം തേക്കിൻതടിയിൽ തീർക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിച്ചത് വസതിയായ പേട്ട കവറടി റോഡിലെ തോപ്പിൽവീട്ടിൽ വച്ച്.
2013ൽ 62 കൈകളുള്ള ദുർഗാ ദേവിശില്പം പണിതപ്പോഴാണ് കേന്ദ്രസർക്കാരിന്റെ മികച്ച ശില്പിക്കുള്ള പുരസ്കാരം ലഭിച്ചത്. അന്ന് ഡൽഹിയിൽ വച്ച് ആ ശില്പം വിറ്റുപോയത് 10 ലക്ഷം രൂപയ്ക്ക്.
അടുത്ത ലക്ഷ്യമായി മോഹനൻ അന്നേ കുറിച്ചിരുന്നു 108 കൈകളുള്ള ശില്പം നിർമ്മിക്കണമെന്നത്. ഒരു ശില്പത്തിനു വേണ്ടി തുടർച്ചയായി ജോലി ചെയ്യുക അസാദ്ധ്യമാണ്. ഇടയ്ക്ക് മറ്റു ജോലികൾ ചെയ്യും. മനസ് ദുർഗാശില്പത്തിനൊപ്പമാകുമ്പോൾ പണിയായുധങ്ങളുമായി കർമ്മനിരതനാകും. സിംഹ സമേതയായ അഞ്ചടി ഉയരമുള്ള ശില്പമാണ് പൂർത്തിയാക്കിയത്.
2015, 16 വർഷങ്ങളിൽ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ള കെ.ആർ.മോഹനന് 2017ലെ ശില്പഗുരു പുരസ്കാരം 2022ൽ ഉപരാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു. ഒരു ശില്പിക്ക് രാഷ്ട്രം നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. അതിനുശേഷം പിന്നീട് ദേശീയ അവാർഡിന് എൻട്രി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ''ശില്പഗുരുവിനപ്പുറത്ത് പദ്മ പുരസ്കാരം മാത്രമേയുള്ളൂ. മറ്റുള്ളവർക്ക് അവസരം നൽകാൻ വേണ്ടിയാണ് ഞാൻ പിന്നീട് ശില്പ പുരസ്കാരത്തിന് എൻട്രി നൽകാത്തത്''- കെ.ആർ.മോഹനൻ പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസം നാലാം ക്ലാസുവരെ മാത്രം. പത്തു വയസുള്ളപ്പോൾ ഐവർ തമ്പി എന്നറിയപ്പെട്ടിരുന്ന അച്ഛൻ രാജഗോപാലാണ് ശില്പവിദ്യാപാഠങ്ങൾ പകർന്നുനൽകിയത്. പേട്ടയിലെ വീടു നിറയെ ശില്പങ്ങളാണ്. ശിവകുടുംബം,കൃഷ്ണലീല,ശ്രീരാമപട്ടാഭിഷേകം ഉൾപ്പെടെയുള്ളവ. ശില്പങ്ങളുടെ പോളിഷ് ജോലികൾ ചെയ്യുന്നത് ഭാര്യ ഷീലയാണ്. ദിൽ മോഹൻ, ദീപൻ, ഷൈനി എന്നിവരാണ് മക്കൾ.
വയസ് 73 ആകുന്നു, ഇനി ആഗ്രഹം ആയിരം കൈകളുള്ള ദുർഗാദേവി ശില്പം ഒരുക്കുക എന്നതാണ്. എത്രകാലമെടുക്കുമെന്നറിയില്ല.
കെ.ആർ.മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |