കോട്ടയം : ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന വടവാതൂർ നിവാസികൾക്ക് ഇനി ആശ്വസിക്കാം. തീരാശാപമായിരുന്ന ഡംപിംഗ് യാർഡ് ക്ലീനാകും. 78 വർഷം കൊണ്ട് പ്രദേശത്ത് തള്ളിയ മുഴുവൻ മാലിന്യങ്ങളും പൂർണമായും നീക്കുന്ന ബയോ മൈനിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആറ് മാസം കൊണ്ട് പൂർണമായും മാലിന്യമുക്തമാക്കാനുള്ള പദ്ധതിയാണ് കോട്ടയം നഗരസഭ നടപ്പിലാക്കുന്നത്. മാലിന്യം കുന്നുകൂടിയതോടെ കടുത്ത ദുർഗന്ധമായിരുന്നു വമിച്ചിരുന്നത്. മഴക്കാലങ്ങളിൽ ഇവിടെ നിന്നുള്ള മലിനജലം റോഡിലേയ്ക്കാണ് ഒഴുകി എത്തിയിരുന്നത്. ഇതിനെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പദ്ധതിയുടെ ട്രയൽ റൺ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടി, വൈസ് ചെയർമാൻ ബി.ഗോപകുമാർ, രജനി സന്തോഷ്, സി.ജി രഞ്ജിത്ത്, ലിബി ജോസ് ഫിലിപ്പ്, മിഥുൻ ജി തോമസ്, ബാബു പി.ജോസഫ്, റീബാ വർക്കി, റീജ ചെറിയാൻ എന്നിവർ പങ്കെടുത്തു.
1,01,179,29 ക്യൂബിക്ക് മീറ്റർ മാലിന്യം
ആകെ 1,01,179,29 ക്യൂബിക്ക് മീറ്റർ മാലിന്യമുണ്ടെന്നാണ് കണക്ക്. ഭൂനിരപ്പിൽ നിന്ന് 5.77 മീറ്റർ ഉയരത്തിലും, 2.90 മീറ്റർ ആഴത്തിലുമാണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വടവാതൂർ ഉൾപ്പടെ കേരളത്തിലെ 20 ഡംപ് സൈറ്റുകൾ മാലിന്യമുക്തമാക്കുന്നതിന് നാഗ്പൂർ കേന്ദ്രമായുള്ള എസ്.എം.എസ് ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്.
മാലിന്യസംസ്‌കരണം ഇങ്ങനെ
മാലിന്യകൂമ്പാരം ബയോമൈനിംഗ് പ്രക്രിയയിലൂടെ തരംതിരിച്ച് റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്, ലോഹങ്ങൾ മുതലായ അജൈവ മാലിന്യങ്ങൾ വേർതിരിക്കും. കൂടാതെ ജൈവ മാലിന്യങ്ങൾ ബയോറെമീഡിയഷൻ പ്രകിയയിലൂടെ കമ്പോസ്റ്റാക്കി മാറ്റും. റീസൈക്കിൾ ചെയ്യാൻ സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ സിമന്റ് ഫാക്ടറികളിൽ എത്തിച്ചു നിർമ്മാർജ്ജനം ചെയ്യും.
''നഗരസഭ ഏറെ പ്രാധാന്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി 2025 മേയിൽ പൂർത്തീകരിക്കും. പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ പഞ്ചായത്ത് അധികൃതർ നൽകും.
(വി.ടി സോമൻകുട്ടി വടവാതൂർ പഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |