കോട്ടയം : ഇത് പെരുമഴക്കാലമാണ്. ഇതോടെ ജില്ല പനിക്കിടക്കയിലുമായി. ജില്ലയിൽ പനിബാധിതരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുകയാണ്. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണമേറി. വൈറൽപ്പനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. കഴിഞ്ഞ മാസം പനി ബാധിച്ച് ചികിത്സതേടിയത് 8075 പേരാണ്. 8 പേർക്ക് ഡെങ്കിപ്പനിയും, എലിപ്പനിയും സ്ഥിരീകരിച്ചു. 2 പേർ മരിച്ചു. നാല് മലേറിയ കേസുകളും, 24 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം കൊവിഡ് ബാധിതരുമുണ്ട്. കാലവർഷം ശക്തമാകുന്നതോടെ പനിബാധിതരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. ഒപ്പം ജലജന്യ രോഗങ്ങളും വ്യാപകമാകാൻ സാദ്ധ്യതയുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.
ശ്രദ്ധവേണം, സ്വയംചികിത്സ അരുത്
പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. സ്വയംചികിത്സ പാടില്ല. ഇത് ആരോഗ്യസ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ കഴിക്കുന്നത് ക്ഷീണം അകലാൻ ഉപകരിക്കും. ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗം വന്നാൽ വിശ്രമിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ
ശ്വാസംമുട്ട്, ഇതുവരെയില്ലാത്ത തളർച്ച
''എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. അടിയന്തര വൈദ്യസഹായം തേടണം. അല്ലെങ്കിൽ രോഗം ഗുരുതരമാകാൻ ഇടയാക്കും.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |