കാഞ്ഞിരപ്പള്ളി : വർഷം പതിനേഴായി ഇതുവരെ കൂട്ടിമുട്ടിയില്ല കാഞ്ഞിരപ്പള്ളി ബൈപ്പാസ്. നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി നിർമ്മാണം തുടങ്ങിയ ബൈപ്പാസ് പദ്ധതി എങ്ങുമെത്താതെ നിലച്ചതോടെ പ്രതിഷേധങ്ങൾക്കും കളമൊരുങ്ങുകയാണ്. കക്ഷി രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും നേതാക്കളും ഇടപെട്ട് നിർമ്മാണം പുന:രാരംഭിക്കണമെന്നാണ് ആവശ്യം. ദേശീയപാതയിൽ പഞ്ചായായത്ത് ഓഫീസ് വളവിൽ നിന്ന് ആരംഭിച്ച് പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയിൽ എത്തിച്ചേരുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തത്. 2008 ൽ നിർമ്മാണം തുടങ്ങി. നിർമ്മാണത്തിന് അനുവദിച്ച തുക അപര്യാപ്തമാണെന്ന് പറഞ്ഞ് പല കമ്പനികളും ടെൻഡർ നടപടികളിൽ നിന്ന് വിട്ടുനിന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള ബോക്‌ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അവസാനം കരാർ ഏറ്റെടുത്തത്. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ നിർമ്മാണം അവസാനിപ്പിച്ച് ഈ കമ്പനിയും പോയി. ബോക്‌ബോൺ കൺസ്ട്രക്ഷൻസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിർമ്മാണം തുടങ്ങുമ്പോൾ പറഞ്ഞത് 2025 മാർച്ചിൽ പണി പൂർത്തിയാക്കും എന്നായിരുന്നു.
കടന്നുകിട്ടാൻ കാത്തുകിടക്കണം
താലൂക്ക് ആസ്ഥാനം കൂടിയായ പട്ടണത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകണമെങ്കിൽ മണിക്കൂറുകൾ കാത്തുകിടക്കണം. ഗതാഗതക്കുരുക്ക് പതിവായതോടെ വാഹനയാത്രികർ സഹികെട്ടു. പലരും ബദൽപാതകൾ തേടുകയാണ്. വീതി കുറഞ്ഞ റോഡാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിച്ച് മാറ്റി
പുതിയത് നിർമ്മിക്കാൻ ഉടമകൾ തയ്യാറല്ല. ഗതാഗത സൗകര്യമില്ലെന്നാണ് ഇവർ പറയുന്നത്. പുതിയ സംരംഭകരും കാഞ്ഞിരപ്പള്ളിയിലേക്ക് വരുന്നില്ല. വാഹനത്തിലെത്താൻ ബുദ്ധിമുട്ടായതിനാൽ സാധനങ്ങൾ വാങ്ങാൻ കാഞ്ഞിരപ്പള്ളിക്കാർ സമീപസ്ഥലങ്ങളെ ആശ്രയിക്കുകയാണ്. ഇതോടെ കടകളിലെ കച്ചവടവും കുറഞ്ഞു.
എം.എൽ.എയുടെ വീഴ്ചയെന്ന്
2011 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം ഡോ.എൻ.ജയരാജാണ് എം.എൽ.എ. നിർമ്മാണം മുടങ്ങുന്നത് എം.എൽ.എയുടെ വീഴ്ചയാണെന്നാണ് യു.ഡി.എഫ് ആരോപണം. എന്നാൽ വീഴ്ച വരുത്തിയ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കമ്പനിയുടെ പരാതികൾ പരിശോധിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.
''അടുത്തുള്ള പട്ടണങ്ങളൊക്കെ കാലത്തിനൊപ്പം പുരോഗതി നേടുമ്പോൾ കാഞ്ഞിരപ്പള്ളി അമ്പതുവർഷം പിന്നിലാണ്. ബൈപ്പാസ് യാഥാർത്ഥ്യമായാൽ അത് നാടിന്റെ വികസനത്തിന് വലിയ നേട്ടമാകും. കരാർ കമ്പനിയെ പഴിച്ച് എം.എൽ.എയും, പ്രതിപക്ഷവും പരസ്പരം പഴിചാരി കൈകഴുകുകയാണ്.
-പ്രദേശവാസികൾ
1.80 കിലോമീറ്റർ ദൈർഘ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |