കോട്ടയം : കാട്ടാനയും, കാട്ടുപോത്തും, പുലിയും, കാട്ടുപന്നിയും മൂലം ഉറക്കം നഷ്ടപ്പെട്ട മലയോര നിവാസികൾ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ. ജനവാസമേഖലയിൽ ഇറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന ബിൽ നിയമമായാൽ ഗുണം ലഭിക്കുന്നത് ജില്ലയിലെ പത്തോളം പഞ്ചായത്തിലുള്ളവർക്കാണ്. കൂട്ടിക്കൽ, കോരുത്തോട്, മുണ്ടക്കയം, എരുമേലി, മണിമല, നെടുംകുന്നം, കറുകച്ചാൽ, പാമ്പാടി, കൂരോപ്പട, വാഴൂർ പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കപ്പ,വാഴ, ചേന, ചേമ്പ്, റബർ തൈകൾ, തെങ്ങിൻ തൈകൾ തുടങ്ങി നിരവധി കാർഷിക വിളകളാണ് നശിപ്പിക്കുന്നത്. അംഗീകൃത തോക്ക് ലൈസൻസ് ഉടമകൾക്ക് പഞ്ചായത്ത് അനുമതിയോടെ കാട്ടുപന്നിയെ കൊല്ലാമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ തടസമാകുന്നു. നിലവിൽ കാട്ടുപന്നിയെ കൊന്നാൽ മാംസം മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ച് കുഴിച്ചു മൂടുകയാണ്. ചെന്നാപ്പാറ, മടുക്ക, മുണ്ടക്കയം ടി.ആൻഡ് ടി എസ്റ്റേറ്റ്, കടമാൻകുളം, മതമ്പ, കൊമ്പുകുത്തി, പനക്കച്ചിറ, കോരുത്തോട്, മുറിഞ്ഞപുഴ, പുല്ലുമേട്, കുഴിമാവ്, ബോധി എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാണ്.
സ്വസ്ഥമായി ഉറങ്ങാനാകാതെ
സോളാർവേലികളടക്കം സ്ഥാപിച്ചെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയാനാകുന്നില്ലായിരുന്നു. ജനവാസ മേഖലകളിൽ കാട്ടാന എത്തുമ്പോൾ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ജനങ്ങൾ ഓടിക്കുകയാണ് പതിവ്. തോട്ടങ്ങളിലെ ലയങ്ങൾക്ക് സമീപം വരെ രാത്രികാലങ്ങളിൽ ആന ഇറങ്ങുന്നുണ്ട്. അപകടസാദ്ധ്യത മുന്നിൽകണ്ട് വനാതിർത്തി മേഖലകളിൽ രാത്രികാലങ്ങളിൽ പലരും യാത്ര ഒഴിവാക്കുകയാണ്. ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ റബർത്തോട്ടത്തിന് നടുവിൽ വഴിമുടക്കിയും ചിന്നംവിളിച്ചും കാട്ടാനകൾ എത്തുന്നതോടെ പലരും ടാപ്പിംഗ് ഉപേക്ഷിച്ചു.
ആറുമാസം : രണ്ടുമരണം
കഴിഞ്ഞ ആറുമാസത്തിനിടെ മതമ്പ വാർഡിൽ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് 2 ജീവനാണ്. ഫെബ്രുവരി പത്തിനാണ് കൊമ്പൻപാറ നെല്ലിവിള പുതുപ്പറമ്പിൽ സോഫിയ ഇസ്മായിൽ (46) മരിച്ചത്. ഏതാണ്ട് നാലു കിലോമീറ്റർ ചുറ്റളവിൽ ജൂലായ് 29 ന് ടാപ്പിംഗ് തൊഴിലാളി പുരുഷോത്തമൻ കാട്ടാനക്കലിയ്ക്ക് ഇരയായി.
മതമ്പ്, ചെന്നാപ്പാറ മേഖലകളിൽ സോളാർ വേലികൾ നശിച്ചു
കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടാലും വീണ്ടും എത്തും
കുരങ്ങിനെ പട്ടിക രണ്ടിലേക്ക് മാറ്റുന്നതും ഗുണകരമാകും
കുറുനരി, മരപ്പട്ടി എന്നിവയുടെ കാര്യത്തിൽ വ്യക്തതയില്ല
''പുതിയ ബിൽ കർഷകർ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സാധിച്ചാൽ, മലയോരമേഖലകളിലുള്ളവർക്കും കാർഷികവിളകൾക്കുമാണ് ഏറെ പ്രയോജനം.
-(എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |