
കോട്ടയം : മണ്ഡലകാലം ആരംഭിച്ചതോടെ ജില്ലയിലെ പാതകൾ അയ്യപ്പഭക്തരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. പക്ഷേ എന്തു സുരക്ഷയെന്ന് ചോദിച്ചാൽ അധികൃതർക്ക് ഉത്തരമില്ല. വളവുകളും, കുത്തിറക്കവും നിറഞ്ഞ റോഡുകളിൽ ശ്രദ്ധയൊന്ന് പാളിയാൽ അപകടമുറപ്പ്. മഴ കൂടി കനത്തതോടെ വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവായി. രണ്ട് ദിനങ്ങളിലായി നാല് അപകടങ്ങളാണ് ഉണ്ടായത്. കണമല, കണ്ണിമല, അട്ടിവളവ് എന്നിവയാണ് പ്രധാന അപകടമേഖലകൾ. അപകടത്തിൽപ്പെടുന്നത് ഏറെയും അന്യസംസ്ഥാന വാഹനങ്ങൾ. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവിൽ നിയന്ത്രണംവിട്ട തീർത്ഥാടക വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. എരുമേലി കുറുവാമൂഴി ജംഗ്ഷനിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. പൊൻകുന്നം - എരുമേലി റോഡിൽ കെ.വി.എം.എസ് ജംഗ്ഷന് സമീപം ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരുടെ കാർ കാർ തലകീഴായി മറിഞ്ഞു. ഇന്നലെ കണമല അട്ടിവളവിൽ തീർത്ഥാടക ബസ് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണം. കാർണാടക മാണ്ട്യ ജില്ലയിൽ നിന്നുള്ളവരായിരുന്നു ബസിൽ. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 33 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തീർത്ഥാടന പാതയിൽ ഗതാഗതവും തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് ബസ് റോഡിൽ നിന്ന് നീക്കം ചെയ്തു.
ക്രാഷ് ബാരിയർ ഊരിമാറി
അപകടമേഖലകളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത് ബലത്തിലല്ല. പലയിടത്തും ഊരിമാറിയ നിലയിലാണ്. അപകടമുണ്ടായാൽ ഇതിൽതട്ടി വാഹനം നിൽക്കുമെന്ന് ഒരുറപ്പുമില്ല. ചെറിയതാഴ്ചയിലാണ് ഇവ ഉറപ്പിച്ചിരിക്കുന്നത്. അപകടവളവുകൾ നികത്തുമെന്ന അധികൃതരുടെ വാഗ്ദാനവും പൊള്ളയായി. റോഡുകൾക്ക് വീതി കൂട്ടണമെന്ന ശുപാർശയും നടപ്പായില്ല. കണമല അട്ടിവളവിൽ മണ്ഡല മകരവിളക്ക് കാലത്ത് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. നിരവധി ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റോഡിൽ പത്തുമീറ്റർ ഇടവേളയിൽ കട്ടിയുള്ള മാർക്കിംഗ് ഒരുക്കിയെങ്കിലും ഫലം കാണുന്നില്ല.
റിപ്പോർട്ട് പരണത്ത്
അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്ന് ഐ.ജിയായിരുന്ന ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണകമ്മിഷനെ നിയമിച്ചിരുന്നു. റോഡ് വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് റിപ്പോർട്ടും നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. കണമലയിലെ അപകടം കുറയ്ക്കാൻ കീരിത്തോടുവഴി എരുത്വാപ്പുഴമുതൽ കണമലവരെ നിർമ്മിച്ച സമാന്തരറോഡ് ഗതാഗതയോഗ്യമാക്കണമെന്നാണാവശ്യം ശക്തമാണ്.
രണ്ടുവർഷത്തെ കണക്ക്
കണമല ഭാഗത്ത് : അപകടം 32, മരണം 5
കണ്ണിമല വളവ് : അപകടം 4 , മരണം 2
ഇതുവരെ പൊലിഞ്ഞത് : 30 ജീവൻ
''അട്ടിവളവിലും മുണ്ടക്കയം റോഡിലെ കണമല ഇറക്കത്തിലും അപകടങ്ങൾ തുടർക്കഥയാകുകയാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇറക്കത്തിലെ വളവിൽ തിരിയാനാകാതെ നിയന്ത്രണം നഷ്ടപ്പെടുകയാണ്.
-പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |