
കോട്ടയം: കേരളാ കോൺഗ്രസുകൾക്ക് വളക്കൂറുള്ള മണ്ണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിനെയും നിയമസഭയിൽ ജോസഫിനെയും തുണച്ച സ്ഥലം. ഇക്കുറി കേരളാ കോൺഗ്രസിന്റെ രണ്ട് കരുത്തരുടെ പോരുകൊണ്ട് പ്രസിദ്ധമാകുന്നു കുറവിലങ്ങാട്. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ യു.ഡി.എഫിലും പി.സി. കുര്യൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും മത്സരിക്കുമ്പോൾ മുൻ കേരളാ കോൺഗ്രസുകാരൻ ജെയ്സൺ ജോസഫാണ് ബി.ജെ.പി. സ്ഥാനാർത്ഥി.
കടുത്തുരുത്തി നിയമസഭാ മണ്ഡല പരിധിയിൽ വരുന്ന ഡിവിഷനിൽ കടപ്ലാമറ്റം, വെമ്പള്ളി, കാണക്കാരി, കോതനല്ലൂർ, കുറവിലങ്ങാട്, കോഴാ മേഖലകൾ ഉൾക്കൊള്ളുന്നു. കേരളാ കോൺഗ്രസിനും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള മേഖലകളാണ് ഏറെയും. യു.ഡി.എഫിനെ തുടർച്ചയായി പിന്തുണച്ചുകൊണ്ടിരുന്ന ഡിവിഷൻ കഴിഞ്ഞ തവണ ഇടതുമുന്നണിയിലേയ്ക്കു ചാഞ്ഞതും ഈ കേരളാ കോൺഗ്രസ് കൂറുകൊണ്ടാണ്. കഴിഞ്ഞ തവണ 5691 വോട്ടിനാണ് നിർമലാ ജിമ്മി സിറ്റിംഗ് അംഗമായിരുന്ന മേരി സെബാസ്റ്റ്യനെ പരാജയപ്പെടുത്തിയത്.
കർഷകരും പ്രവാസികളും
കർഷകരും പ്രവാസികളുമാണ് കുറവലിങ്ങാട് ഡിവിഷനിൽ ഏറെയും. ജനപ്രതിനിധിയായുള്ള കാൽ നൂറ്റാണ്ടിന്റെ തുടർച്ചയായ അനുഭവസമ്പത്തുമായാണ് ജോസ്‌മോനും പി.സി. കുര്യനും കുറവിലങ്ങാട്ട് പോരിനിറങ്ങുന്നത്. ഇരുവരും ജനകീയർ, വ്യക്തി ബന്ധങ്ങളിലും പാർട്ടി ബന്ധങ്ങളിലും ശക്തർ. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നവർ. പഞ്ചായത്ത് പ്രസിഡന്റായി തിളക്കമാർന്ന സേവനം കാഴ്ചവച്ചവർ. മണ്ഡലം യു.ഡി.എഫിലേക്കു തിരികെ കൊണ്ടുവരാൻ ജോസ്‌മോനും കഴിഞ്ഞ തവണ തരംഗത്തിനിടയിൽ എൽ.ഡി.എഫിനൊപ്പം കടന്നുകൂടിയതല്ലെന്നു തെളിയിക്കാൻ കുര്യനും ഇറങ്ങുമ്പോൾ വോട്ടർമാർ കൺഫ്യുഷനിലാകുമെന്ന് ഉറപ്പ്. വോട്ട് അടിത്തറയിലെ വർദ്ധനയാണ് ജയ്സണിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്, കഴിഞ്ഞ തവണ ബി.ജെ.പി. അയ്യായ്യിരത്തിലേറെ വോട്ട് നേടിയിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സാമീപ്യമുള്ള ഡിവിഷൻ ക്രിസ്ത്യൻ വിഭാഗത്തിന് നൽകിയതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും ബി.ജെ.പി കണ്ണുവയ്ക്കുന്നു.
ജോസ്‌മോൻ മുണ്ടയ്ക്കൽ (കേരളാ കോൺഗ്രസ്)
ജനകീയനെന്ന ലേബലിലാണ് ജോസ്‌മോന്റെ കുറവിലങ്ങാട്ടേയ്ക്കുള്ള രംഗപ്രവേശം. 2 1ാം വയസിൽ കൊഴുവനാൽ പഞ്ചായത്ത് മെമ്പറായി ആരംഭിച്ച ജനപ്രതിനിധി പ്രവർത്തനം 30 വർഷം തികയ്ക്കുന്നു. മൂന്നു ടേം കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു തവണ ജില്ലാ പഞ്ചായത്ത് അംഗം. പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ഒട്ടനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. ഭാവനാപൂർണവും വ്യത്യസ്തവുമായ പദ്ധതികളിലൂടെ ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിലും കഴിവുതെളിയിച്ചയാളാണ് ജോസ്‌മോൻ.
പി.സി. കുര്യൻ (കേരളാ കോൺഗ്രസ് എം)
ശക്തമായ ബന്ധങ്ങളാണ് കരുത്ത്. 13 വർഷം കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റായിരുന്നു, നിലവിലെ ജില്ലാ സെക്രട്ടറിയാണ്. 2000 മുതൽ തുടർച്ചയായി ജനപ്രതിനിധിയാണ്. രണ്ടു തവണ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. രണ്ടര വർഷം ഉഴവൂർ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അവസരത്തിൽ മികച്ച പഞ്ചായത്തിനുള്ള അവാർഡുകൾ കുറവിലങ്ങാടിന് ലഭിച്ചു. കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്.
ജെയ്സൺ തോമസ് (ബി.ജെ.പി)
കേരളാ കോൺഗ്രസിന്റെ ഭാഗമായിരുന്ന ജെയ്സൺ തോമസ് നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്മടനായാണ് ബി.ജെ.പിയുടെ ഭാഗമാകുന്നത്. കെ.എസ്.സിയിലൂടെ രാഷ്ട്രീയത്തിൽ സജീമായി. കുറവിലങ്ങാട് ദേവ മാതാ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയും ആർട്സ് ക്ലബ് സെക്രട്ടറി യുമായി പ്രവർത്തിച്ചിട്ടുണ്ട്. 'അഞ്ചപ്പം' എന്ന പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ആണ്.
നിർണായകം
റബർ വില,കാർഷിക പ്രശ്നങ്ങൾ
സ്ഥാനാർത്ഥികളുടെ വ്യക്തി ബന്ധം
ഭരണ വിരുദ്ധ വികാരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |