
കോട്ടയം : സി.പി.എം കോട്ടയായ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുത്ത കോൺഗ്രസ് യുവനേതാവ് പി.കെ.വൈശാഖിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ് ജയിച്ച യു.ഡി.എഫ് അംഗങ്ങളിൽ ഭൂരിപക്ഷവും. അവരിൽ നിന്നൊരാൾക്ക് പകരം ശ്രീനാരായണ പ്രസ്ഥാനങ്ങളോട് അടുത്ത നിൽക്കുന്ന വൈശാഖിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കോൺഗ്രസിന് ഏറെ പ്രയോജനം ചെയ്യുമെന്ന അഭിപ്രായമാണ് ഗ്രൂപ്പുകൾക്കതീതമായി ഉയരുന്നത്.
കുമരകം ഡിവിഷനിൽ വർഷങ്ങൾക്ക് കോൺഗ്രസ് വിജയിക്കുന്നത്. പലരെയും പരിഗണിച്ച ശേഷം ജയസാദ്ധ്യത കണക്കിലെടുത്ത് നാമനിർദ്ദേശ പത്രിക കൊടുക്കേണ്ട അവസാന ദിവസത്തിലായിരുന്നു വൈശാഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. സി.പി.എമ്മിലെ എസ്.അംഗിരസും, എസ്എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് കൂടിയായ ബി.ഡി.ജെ. എസ് സ്ഥാനാർത്ഥി സാന്റപ്പനുമായിരുന്നു എതിർസ്ഥാനാർത്ഥികൾ. കഴിഞ്ഞതവണ നാലായിരത്തിലേറെ വോട്ടുകൾക്ക് സി.പി.എമ്മിലെ കെ.വി.ബിന്ദു ജയിച്ചിടത്ത് 1591 വോട്ടിന്റെ അട്ടിമറി ജയമാണ് വൈശാഖ് നേടിയത്. ഇത് ഇടതുക്യാമ്പിലേൽപ്പിച്ച ആഘാതം വളരെ വലുതാണ്.
ഇടതു കോട്ടയായിരുന്ന കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ പിടിച്ചെടുത്തതും വൈശാഖാണ്. നിരവധി വികസനപ്രവർത്തനങ്ങൾ കാഴ്ചവച്ച് ജനമനസുകളിലും ഇടംനേടി. ഇതാണ് കുമരകത്തേയ്ക്ക് പരിഗണിക്കാൻ ഇടയാക്കിയത്. ഇവിടെയും മൂവർണ്ണക്കൊടി പാറിച്ചു. ജോഷി ഫിലിപ്പ് അടക്കം സീനിയർ നേതാക്കൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ടെങ്കിലും യുവത്വത്തിന് മുൻതൂക്കം നൽകിയാൽ വൈശാഖിന് നറുക്കുവീഴും. എതിരഭിപ്രായം ഉയരാനും സാദ്ധ്യത കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |