SignIn
Kerala Kaumudi Online
Thursday, 19 February 2026 12.36 AM IST

ജോസിനെ ക്ഷണിച്ചതിൽ കോൺഗ്രസിലും അതൃപ്തി

Increase Font Size Decrease Font Size Print Page
congresh

കോട്ടയം : യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജോസ് കെ.മാണിയെ മുന്നണിയിലേയ്ക്ക് ക്ഷണിച്ചതിൽ ജോസഫ് വിഭാഗത്തിന് പിന്നാലെ ഡി.സി.സി നേതൃത്വത്തിനും അതൃപ്തി. പിറകെ നടന്ന് കേരള കോൺഗ്രസ് എമ്മിനെ അനാവശ്യമായി വലിയ ആളാക്കുകയാണെന്നാണ് പൊതുവികാരം. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജില്ലയിൽ വൻവിജയം നേടിയതോടെ ജോസ് കെ.മാണിയുടെ പിന്തുണയില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. നിയമസഭാ സീറ്റിൽ നോട്ടമിട്ടിട്ടുള്ള കോൺഗ്രസ് നേതാക്കൾക്കും ജോസ് ഇടതുമുന്നണിയിൽ തുടരണമെന്നാണ് ആഗ്രഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)​ മത്സരിച്ച കാഞ്ഞിരപ്പള്ളി,​ പൂഞ്ഞാർ സീറ്റുകളിൽ കോൺഗ്രസാണ് മത്സരിച്ചത്. ഇക്കുറി ചങ്ങനാശേരിയും, ഏറ്റുമാനൂരും കൂടി മത്സരിക്കാൻ ഒരുങ്ങുമ്പോഴാണ് ജോസിനെ മുന്നണിയിലേക്ക് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ക്ഷണിച്ചത്.

ശക്തമല്ലാത്ത പാർട്ടി : നാട്ടകം സുരേഷ്

ജില്ലയിൽ ശക്തമല്ലാത്ത പാർട്ടിയാണ് കേരള കോൺഗ്രസ് (എം)​ എന്ന് എന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞത്. ഒരു കാരണവും ഇല്ലാതെ മുന്നണി വിട്ടുപോയവരെ തിരിച്ചെടുക്കണോ എന്നതിൽ സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും നാട്ടകം പറഞ്ഞു. രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് നേതാവ് അജീസ് ബെൻ മാത്യൂസും പ്രതികരിച്ചത്. '' ഓരോ തവണയും അഹങ്കാരവും പുച്ഛവും കലർന്ന മറുപടി കിട്ടിയിട്ടും വീണ്ടും മലർക്കെ തുറന്ന് കിടക്കുകയാണെന്ന് പറയുന്നവർ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തിന് വിലകൽപ്പിക്കാത്തവരാണെന്നായിരുന്നു വിമർശനം.

അതിരമ്പുഴയിലെ തോൽവിയിൽ കലഹം
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റിന്റെ പരാജയത്തിൽ യു.ഡി.എഫിൽ കലഹം. മുൻ യൂത്ത് കോൺഗ്രസ് നേതാവായ ജിം അലക്‌സിന് വേണ്ടി കോൺഗ്രസ് കാലുവാരിയെന്നാണ് ആരോപണം. കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് ജില്ലാ പ്രസിഡന്റ് ജെയ്‌സൺ ജോസഫ് 535 വോട്ടിന് തോറ്റത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് 7500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ബ്ലോക്ക്, പഞ്ചായത്തുകളിലെ കണക്കുകളിലും ഏഴായിരത്തിലേറെ വോട്ടുകൾക്ക് യു.ഡി.എഫാണ് മുന്നിൽ. എന്നാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കാര്യങ്ങൾ മാറിമറിഞ്ഞു. മോൻസ് ജോസഫ് അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയിട്ടുണ്ട്. അടുത്ത തവണ ഏറ്റുമാനൂർ സീറ്റ് ലക്ഷ്യമിടുന്ന നാട്ടകം സുരേഷിന് ജോസഫ് ഗ്രൂപ്പ് കാലുവാരുമോയെന്ന ഭയവുമുണ്ട്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY