
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി.പി.എം ജില്ലാ കമ്മിറ്റി 22, 23 തീയതികളിൽ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേരും. ബ്രാഞ്ച് സെക്രട്ടറിമാർ ബൂത്തുതല കണക്കുകൾ നൽകണം. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോൽവിയും, അയ്മനം പഞ്ചായത്തിലെ ബി.ജെ.പിയുടെ മുന്നേറ്റവും വിശദമായി പരിശോധിക്കും.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ സിറ്റിംഗ് സീറ്റുകളിൽ തോറ്റത് സ്ഥാനാർത്ഥികളുടെ ജനകീയത നഷ്ടപ്പെട്ടതുകൊണ്ടാണെന്ന അഭിപ്രായം നേതൃത്വത്തിനുണ്ട്. ചില ജില്ലാ ഡിവിഷനുകളിൽ അമിത ആത്മവിശ്വാസം പുലർത്തിയതും വിനയായി. മുണ്ടക്കയം ഡിവിഷനിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷിന്റെ പരാജയവും പാർട്ടിയെ ഞെട്ടിച്ചു. പാലാ നഗരസഭയിൽ സ്വീകരിക്കേണ്ട നിലപാടും, ഭരണം കിട്ടിയ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരെ സംബന്ധിച്ചും തീരുമാനമുണ്ടാകും.
കേരള കോൺഗ്രസ്, ഗുണപരമെന്ന് നേതൃത്വം
തിരഞ്ഞെടുപ്പിനെ തുടർന്നുള്ള ക്ഷണവും മറ്റ് വിവാദങ്ങളും മറുപടികളും കേരള കോൺഗ്രസുകളെ വാർത്താ മദ്ധ്യത്തിൽ നിറഞ്ഞു നിൽക്കാൻ ഉപകരിച്ചെന്ന അഭിപ്രായമാണ് നേതാക്കൾക്ക്. തിരഞ്ഞെടുപ്പിലെ മുന്നണിയുടെയും പാർട്ടിയുടെയും തിരിച്ചടി കേരള കോൺഗ്രസ് എമ്മിന് ക്ഷീണമായിരുന്നു. ഇതിനിടെയാണ് മുന്നണി മാറ്റവും ചർച്ചയും. മുന്നണി മാറ്റമില്ലെന്ന് നേതാക്കൾ ആവർത്തിച്ചു പറയുന്നതിനൊപ്പം എതിർവിഭാഗത്തെ നോവിക്കാനുള്ള അവസരം കൂടിയായി ഈ വിവാദത്തെ നേതാക്കൾ മാറ്റി. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ കൈവിട്ടത് അടക്കമുള്ള പ്രശ്നങ്ങളാൽ പുകയുന്ന ജോസഫ് ഗ്രൂപ്പിനും അവസരം ലഭിച്ചു. കുറിയ്ക്കു കൊള്ളുന്ന മറുപടികളോടെ മോൻസ് ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. യു.ഡി.എഫ് തുടർച്ചയായി വല വീശുന്നത് മാണി വിഭാഗത്തിന് ഇടതുമുന്നണിയിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ അവസരമൊരുക്കും. മാണി വിഭാഗത്തെ കളത്തിലിറങ്ങി പ്രതിരോധിക്കുന്നതിലൂടെ യു.ഡി.എഫിൽ നിന്നു കൂടുതൽ സീറ്റുകൾ നേടാൻ കഴിയുമോ എന്നതാണ് ജോസഫ് വിഭാഗത്തിന്റെയും ചിന്ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |