
വീണ്ടും പക്ഷിപ്പനി
സ്ഥിരീകരിച്ചു
കോട്ടയം : ക്രിസ്മസ് പടിവാതിൽക്കൽ നിൽക്കേ ജില്ലയിൽ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത് കർഷകർക്ക് ഇരുട്ടടിയായി. മാഞ്ഞൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലും കോട്ടയം നഗരസഭയിലെ 37,38 വാർഡുകളിലുമാണ് രോഗബാധ.
കോഴികൾക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതെങ്കിലും ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് താറാവിനെ വളർത്തിയ കർഷകർക്കും വാങ്ങിക്കൂട്ടിയ ഇടനിലക്കാർക്കും തിരിച്ചടിയായി.
പക്ഷിപ്പനി വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കുട്ടനാടിന് പുറമേയാണ് അപ്പർകുട്ടനാട്ടിലെ വിവിധയിടങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. രോഗം തടയാൻ പക്ഷികളെ കൊന്നുകളയുന്നതോടെ ഇറച്ചിക്കും ക്ഷാമം ആവും. താറാവും കോഴിയുമില്ലാതെ ക്രിസ്മസ് ആഘോഷിക്കേണ്ടിവരുമോയെന്നാണ് ജനങ്ങളുടെ ആശങ്ക.
കോഴിയുടെ വില ഉയരുന്നു
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്രിസ്മസ് ആഘോഷിക്കാൻ കോഴിയിറച്ചിയെ ആശ്രയിക്കാമെന്നു കരുതിയവർക്കും തിരിച്ചടിയായി. നൂറിലെത്തിയ ചിക്കൻ വില ക്രിസ്മസ് അടുത്തതോടെ വീണ്ടും ഉയരുന്നു. നോമ്പിന് ശേഷം ഡിമാൻഡ് കൂടുന്നതിനാൽ വിലയും ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഓരോ തവണയും രോഗം സ്ഥിരീകരിക്കുന്ന മേഖലകളിൽ കള്ളിംഗ് നടത്തി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലേക്ക് മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം ഒതുങ്ങി.
ഉറവിടം എന്ത്
തണ്ണീർത്തടങ്ങളിലേക്ക് ദേശാടനപ്പക്ഷികളുടെ വരവ് കാലത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. രോഗ ലക്ഷണങ്ങളോടെ ഒരു വളർത്തുപക്ഷി ചത്താൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിങ് നടത്താൻ പത്തു ദിവസമെടുക്കും. വൈറസിന് വ്യാപന ശേഷി കൂടുതലായതിനാൽ ഇക്കാലയളവിൽ രോഗം മറ്റ് പക്ഷികളിലേക്കും വ്യാപിക്കും.
നഷ്ടപരിഹാരം കൂടുതൽ വേണം
കോഴി, താറാവ് എന്നിവയ്ക്ക് മാത്രം നഷ്ടപരിഹാര നിരക്ക്
കാട, ടർക്കിക്കോഴി, വാത്ത തുടങ്ങിയവയ്ക്കും മുട്ടകൾക്കും നഷ്ടപരിഹാരമില്ല
നഷ്ടപരിഹാരത്തിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കും
ഇറച്ചി വിഭവങ്ങളും , മുട്ടയും വിൽക്കുന്നവർക്ക് നഷ്ടപരിഹാരമില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |