കോട്ടയം: പക്ഷിപ്പനി വർഷാവർഷം ആവർത്തിക്കുന്നത് എന്തുകൊണ്ട് ? ഈ ചോദ്യമുയരുമ്പോൾ അധികാരികൾക്ക് ഉത്തരംമുട്ടുകയാണ്.
ദേശാടനപക്ഷികളാണ് രോഗം പരത്തുന്നതെന്ന് പറയുമ്പോഴും ദേശാടന പക്ഷികളുടെ കേന്ദ്രമായ കുമരകം പക്ഷിസങ്കേതത്തിൽ ഒരു പക്ഷിയിൽ പോലും രോഗലക്ഷണങ്ങൾ കാണാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. വർഷാ വർഷം കോടികളുടെ നഷ്ടം കോഴി ,താറാവ് വളർത്തൽ കർഷകർക്കും നഷ്ടപരിഹാരം നൽകേണ്ട സർക്കാരിനും പക്ഷിപ്പനി ഉണ്ടാക്കിയിട്ടും വൈറസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.ഏവിയൻ ഇൻഫ്ലുവെൻസ എ. വൈറസുകൾക്കെതിരെ വിവിധ തരം വാക്‌സിനുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും വാക്‌സിനേഷൻ നൂറു ശതമാനം പ്രതിരോധശേഷി നൽകാത്തതിനാൽ ഇന്ത്യയിൽ വാക്‌സിനേഷൻ ശുപാർശ ചെയ്യപ്പെട്ടിട്ടില്ല.
ദേശാടനപക്ഷികൾ ഇൻഫ്‌ളുവൻസ എ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. ഇവയുടെ ശ്വാസനാളത്തിലും അന്നനാളത്തിലുമാണ് വൈറസുകൾ വാസമുറപ്പിക്കുക. തണുപ്പുകാലത്ത് പാടത്തെത്തുന്ന നീർപ്പക്ഷികളിൽ നിന്ന് പാടത്ത് തീറ്റയ്ക്ക് ഇറക്കുന്ന താറാവിലേക്ക് രോഗം പടരുന്നുവെന്നാണ് അധികൃതരുടെ മറുപടി. അപ്പോഴും പക്ഷിപ്പനി ബാധിതരായി ദേശാടനപക്ഷികൾ ചത്തുവീണ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. താറാവിനും കോഴിക്കും മാത്രം എങ്ങനെ വൈറസ് ബാധിച്ചുവെന്ന ചോദ്യത്തിനും വിദഗ്ദ്ധർക്ക് മറുപടിയില്ല.
പിന്നിൽ തമിഴ്നാട് ലോബി?
തമിഴ്നാട്ടിൽ നിന്നാണ് താറാവിൻ കുഞ്ഞുങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയാണ് കേരളത്തിലെ ഹാച്ചറികളിൽ വിരിയിക്കുന്നത്. പക്ഷിപ്പനിയുടെ വിത്തുകൾ തമിഴ്നാട്ടിൽ നിന്നു വരുന്നുവെന്നതാണ് യാഥാർത്യമെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല.
തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരുന്ന കുഞ്ഞുങ്ങൾ ചാകുന്നു. രോഗം ബാധിച്ചവയെയും അല്ലാത്തവയെും കൊന്നൊടുക്കുന്നു. പക്ഷിപ്പനി ശമിച്ചുവെന്നു കാണുമ്പോൾ വീണ്ടും തമിഴ്നാട്ടിൽ നിന്നുതന്നെ കുഞ്ഞുങ്ങളെയും മുട്ടയും കൊണ്ടുവരുന്നു. ഇത് തുർക്കഥയാകുമ്പോൾ തമിഴനാട് ലോബിക്ക് ലാഭം കൊയ്യാനുള്ള ഏർപ്പാടായി പക്ഷിപ്പനി മാറുകയാണെന്ന് പൊതുവേ സംശയമുയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |