
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ തരംഗ സമാനമായ മുന്നേറ്റം പ്രകടിപ്പിച്ച യു.ഡിഎഫ് ആദ്യമായി ആറ് നഗരസഭാ ഭരണവും പിടിച്ചെടുത്തു. 2020 ലെ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫ് ഒപ്പമെത്തിയെങ്കിലും നറുക്കെടുപ്പിലും അവിശ്വാസത്തിലും ഭാഗ്യം തുണച്ചതിനൊപ്പം പാലാ ഒഴിച്ച് അഞ്ചു നഗരസഭകളും യു.ഡി.എഫ് സ്വന്തമാക്കിയിരുന്നു. സ്വതന്ത്രന്മാരെ മറുകണ്ടം ചാടിച്ച് അവസാന ലാപ്പിൽ ഇടതുമുന്നണിയ്ക്ക് ചങ്ങനാശേരി നഗരസഭാ ഭരണം ലഭിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പിൽ സ്വതന്ത്രന്മാരെ കൂട്ടുപിടിച്ച് ആറ് നഗരസഭകളും യു.ഡി.എഫ് സ്വന്തമാക്കി.
പാലായിൽ കേരള കോൺഗ്രസ് (എം) വലിയ ഒറ്റ കക്ഷിയായിട്ടും പുളിക്കക്കണ്ടം കുടുബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളെയും, കോൺഗ്രസ് വിമത കൗൺസിലറെയും ഒപ്പം കൂട്ടി ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനം ഇരുവർക്കും നൽകിയാണ് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത്.
കോട്ടയം നഗരസഭയിൽ തുടർച്ചയായി ആറു തവണ ജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എം.പി.സന്തോഷ് കുമാർ ചെയർമാനായി. ചങ്ങനാശേരി നഗരസഭയിൽ നാലു സ്വതന്ത്രർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നിട്ടും മറ്റ് മൂന്ന് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ച് യു .ഡി.എഫിലെ ജോമി ജോസഫ് (കോൺഗ്രസ്) ചെയർമാനായി. ഏറ്റുമാനൂർ നഗരസഭാ ചെയർമാനായി ടോമി കുരുവിളയും (കോൺഗ്രസ്), വൈക്കം നഗരസഭാ ചെയർമാനായി അബ്ദുൾ സലാം റാവുത്തറും (കോൺഗ്രസ് ), ഈരാറ്റുപേട്ട നഗരസഭാ ചെയർമാനായി അഡ്വ.വി.പി നാസറും തിരഞ്ഞെടുക്കപ്പെട്ടു.
40 വർഷത്തിന് ശേഷം പാലാ പിടിച്ചെടുത്ത്
1985 ന് ശേഷം ആദ്യമായാണ് പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്താകുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒപ്പം നിറുത്തി പാലാ നഗരസഭാ ഭരണം നിലനിറുത്താൻ മന്ത്രി വി.എൻ.വാസവൻ മുൻകൈയെടുത്ത് ചർച്ച നടത്തി ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും ഫലം കണ്ടില്ല. പുളിക്കക്കണ്ടം കുടുംബാംഗങ്ങൾ മത്സരിച്ച മൂന്നു വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്താതെ കോൺഗ്രസ് പിന്തുണച്ചിരുന്നു. ബിനു പുളിക്കക്കണ്ടത്തിനെതിരെ ഉയർന്ന ക്രിമിനൽ കേസ് ഇടതുമുന്നണി നേതാക്കൾ ഇടപെട്ടായിരുന്നു മരവിപ്പിച്ചത്. ഈ കേസ് പൊടി തട്ടിയെടുത്ത് സമ്മർദ്ദത്തിലാക്കി പുളിക്കക്കണ്ടത്തെ മറുകണ്ടം ചാടിച്ച് ഇടതു മുന്നണി നഗരസഭ ഭരണം തിരിച്ചു പിടിക്കുമെന്ന പ്രചാരണവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |