
കോട്ടയം : അമിത വാഗ്ദാനങ്ങളില്ല. ചെയ്യാൻ പറ്റുന്നത് മാത്രം മനസിൽ. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന് മുന്നോട്ടുള്ള കൃത്യമായ പദ്ധികളുണ്ട്. മുൻപ് ജില്ലാ പഞ്ചായത്തിനെ നയിച്ചതിന്റെ അനുഭവമാണ് കരുത്ത്. രാസലഹരിക്കെതിരായ പോരാട്ടം, തെരുവു നായ നിർമ്മാർജ്ജനം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉൾപ്പെടെ കർമ്മപദ്ധതിയുമായി മുന്നോട്ടു പോകാനാണ് ലക്ഷ്യം. കേരളകൗമുദിയുമായി മനസ് തുറക്കുകയാണ് ജോഷി ഫിലിപ്പ്.
വീണ്ടും ജില്ലാ പഞ്ചായത്തിന്റെ സാരഥ്യത്തിലേയ്ക്ക് ?
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി മുന്നോട്ടു കൊണ്ടുപോകും. കഴിഞ്ഞ അഞ്ചു വർഷം ജില്ലാ പഞ്ചായത്തിനെ പിന്നോട്ടടിച്ചു. കൂട്ടുത്തരവാദിത്വത്തോടെ പ്രതിപക്ഷത്തിന്റെ ഗുണപരമായ വിമർശനങ്ങൾ കൂടി സ്വീകരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പഞ്ചായത്തുകളുമായും ബ്ളോക്ക് പഞ്ചായത്തുമായുമുള്ള കോ-ഓർഡിനേഷൻ എപ്പോഴുമുണ്ടാവും.
പ്രഥമ പരിഗണന ഏതൊക്കെ വിഷയങ്ങളിലാണ് ?
നമ്മുടെ കുട്ടികളെ കാർന്നു തിന്നുന്ന രാസലഹിക്കെതിരായ പോരാട്ടവുമായി മുന്നോട്ടു പോകും. സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും എക്സൈസ്, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ കർമ്മപദ്ധതികളും നടപ്പാക്കും. സ്കൂളുകളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനും പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രയോജനം ഉറപ്പാക്കാനും പദ്ധകളുണ്ടാവും. തെരുവുനായ നിർമാർജനത്തിന് കൂടുതൽ ശ്രദ്ധയുണ്ടാവും. നിലവിലെ നിയമത്തിൽ നിന്നുകൊണ്ട് പ്രത്യേക പദ്ധതിയുടെ സാദ്ധ്യതയാണ് മനസിൽ. ഉടൻ വിവിധ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
മുൻപ് വാങ്ങിയ പോളവാരൽ യന്ത്രം ഉപയോഗിക്കാറില്ലല്ലോ ?
പോളവാരൽ യന്ത്രം മാത്രമല്ല, ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്ത് യന്ത്രങ്ങളും എവിടെയാണെന്ന് പോലും അറിയില്ല. അവ പരിശോധിച്ച് കർഷകർക്ക് പ്രയോജനപ്പെടുത്തണം. കുടിവെള്ള പ്രതിസന്ധിയും ജലാശയങ്ങളും നവീകരണങ്ങളും ഉൾപ്പെടെ അടിയന്തരമായി ചെയ്ത് തീർക്കേണ്ടതുണ്ട്. ജില്ലാ ആശുപത്രിയുടെ വികസനത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണയുണ്ടാകും.
പദ്ധതി തുക വിനിയോഗത്തിൽ ഏറെ പിന്നിലാണല്ലോ ?
തിരഞ്ഞെടപ്പും മുൻ ഭരണസമിതിയുടെ അനാസ്ഥയുമാണ് കാരണം. സാമ്പത്തിക വർഷം തീരാൻ മാസങ്ങളേയുള്ളൂ. പ്ളാൻ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |