
കോട്ടയം : മുഴുവൻ നഗരസഭ ചെയർമാൻ സ്ഥാനം പിടിച്ചെടുത്തതിന് പിറകേ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവും, 71 ഗ്രാമപഞ്ചായത്തിൽ 41 ലും പ്രസിഡന്റ് സ്ഥാനവും സ്വന്തമാക്കി യു.ഡി.എഫ്. എൽ.ഡി.എഫിന് ലഭിച്ചത് 25 പഞ്ചായത്തുകളിലെ അദ്ധ്യക്ഷസ്ഥാനമാണ്. ബി.ജെ.പിയ്‌ക്ക് 3 പഞ്ചായത്തുകളിലും ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതരെ അനുനയിപ്പിച്ച് മാറ്റിയതിന് പുറമേ വിവിധ തദ്ദേശ അദ്ധ്യക്ഷ സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് യു.ഡി.എഫ് നേട്ടം കൊയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, ഫ്രാൻസിസ് ജോർജ് , മോൻസ് ജോസഫ് തുടങ്ങിയ നേതാക്കൾ ഇതിനായി നേതൃത്വം നൽകി. കുമരകം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം കണക്കുകൂട്ടിയിരുന്നെങ്കിലും സ്വതന്ത്രനായി വിജയിച്ച മുൻ സി.പി.എം ലോക്കൽ സെക്രട്ടറി എ.പി ഗോപിയെ യു.ഡി.എഫും, ബി.ജെ.പിയും പിന്തുണച്ചുള്ള തന്ത്രത്തിൽ പണി പാളി. നാലര പതിറ്റാണ്ടോളം ഇടതുപക്ഷത്തിന്റെ കൈയിലിരുന്ന കുമരകം നഷ്ടമായി. ഇടതു കോട്ടയായ അയ്മനത്തും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി ഭരണം പിടിച്ചെടുത്തതും ക്ഷീണമായി. തിരുവാർപ്പിൽ ഇടതുമുന്നണിയ്ക്ക് അദ്ധ്യക്ഷ സ്ഥാനം നിലനിറുത്താനായത് മാത്രമാണ് ഏകആശ്വാസം. പനച്ചിക്കാട് പഞ്ചായത്ത് എൽ.ഡി.എഫ് തിരിച്ചു പിടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |