
ബിന്ദു സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ്
കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ ജോഷി ഫിലിപ്പും, വൈസ് പ്രസിഡന്റായി ബിന്ദു സെബാസ്റ്റ്യനും തിരഞ്ഞെടുക്കപ്പെട്ടു. 23 ഡിവിഷനിൽ 16 അംഗങ്ങളുടെ പിന്തുണയിലാണ് ഇരുവരുടേയും വിജയം. വാകത്താനം ഡിവിഷനിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ജോഷി ഫിലിപ്പ് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. ജോഷി ഫിലിപ്പിന് 16 ഉം എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ഭരണങ്ങാനം ഡിവിഷനിലെ പെണ്ണമ്മ ജോസഫിന് ഏഴ് വോട്ട് ലഭിച്ചു. 2015 ൽ ആദ്യമായി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചപ്പോഴും ആദ്യ ടേമിൽ പ്രസിഡന്റായിരുന്നു ജോഷി. കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി 20 വർഷം വാകത്താനം പഞ്ചായത്തംഗവും , എട്ടു വർഷം പ്രസിഡന്റുമായിരുന്നു. നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്. ഡി.സി.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ നാല് വർഷം ജോഷി തുടരും. അവസാന ഒരു വർഷം കേരള കോൺഗ്രസിനാണ് അദ്ധ്യക്ഷ സ്ഥാനം. കേരള കോൺഗ്രസിന്റെ ജോസ്‌മോൻ മുണ്ടയ്ക്കലിനാണ് അടുത്ത അവസരം. തലനാട് ഡിവിഷനിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ബിന്ദു സെബാസ്റ്റ്യൻ
കുറച്ചി ഡിവിഷൻ എൽ.ഡി.എഫ് പ്രതിനിധി സുമ ടീച്ചറെയാണ് തോൽപ്പിച്ചത്. മൂന്നിലവ് വാളകം സ്വദേശിയാണ് ബിന്ദു. മൂന്നിലവ് പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഈരാറ്റപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പർ, സി.എസ്.ഐ സഭ എക്സിക്യുട്ടീവ് സിനഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനവും ടേം അടിസ്ഥാനത്തിലാണ്. ആദ്യ രണ്ടര വർഷമാണ് ബിന്ദുവിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |