കോട്ടയം: ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ച് കോട്ടയത്ത് ഹാട്രിക് വിജയത്തിനു ശേഷം തുടർച്ചയായ നാലാം ജയത്തിനായി മത്സരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വീണ്ടും ഒരു കൈ നോക്കാൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനിൽകുമാർ. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് സീറ്റ്. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയതിന് ശേഷമേ ബി.ജെ.പി - ബി.ഡി.ജെ.എസ് ച ർച്ച സജീവമാകൂ
തുടർച്ചയായി നാലു തവണ അടൂരിൽ നിന്നു വിജയിച്ച തിരുവഞ്ചൂർ അടൂർ സംവരണ മണ്ഡലമായതോടെ 2011ലാണ് ജന്മനാടായ കോട്ടയത്ത് മത്സരത്തിനെത്തിയത്.
വി.എൻ.വാസവനെ കടുത്ത പോരാട്ടത്തിൽ തോൽപ്പിച്ച് കോട്ടയത്തു ജൈത്രയാത്ര തുടങ്ങിയ തിരുവഞ്ചൂർ 2016ൽ റജി സഖറിയയെയും 2021ൽ അഡ്വ.കെ അനിൽകുമാറിനെയും പരാജയപ്പെടുത്തിയാണ് ഹാട്രിക് ജയം നേടിയത്.
ഇത്തവണ തിരുവഞ്ചൂരിനെതിരെ മുൻ എം.പിയും എം.എൽഎയും പൊതു സമ്മതനുമായ കെ.സുരേഷ് കുറുപ്പിനെ ഇറക്കി മത്സരം കടുപ്പിക്കാൻ സി.പിഎം ശ്രമിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി ലിസ്റ്റിൽ സുരേഷ് കുറുപ്പിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് സുരേഷ് കുറുപ്പ് സ്വീകരിച്ചതോടെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ. കെ.അനിൽ കുമാറിന്റെ പേരിലേക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി എത്തിയത്. ഇടതു മുന്നണി സർക്കാരിന്റെ നേട്ടങ്ങളുമായുള്ള വികസന യാത്ര നയിച്ചത് അനിൽകുമാറായിരുന്നു. മീനച്ചിലാർ മീനന്തലയാർ നദീ സംയോജന പദ്ധതി പ്രവർത്തനത്തിലൂടെ ശ്രദ്ധേയനാണ് അനിൽകുമാർ
കൊണ്ടും കൊടുത്തു
15 വർഷത്തെ വികസ നേട്ടങ്ങൾ ഉയർത്തി കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും വോട്ടു തേടുമ്പോൾ ആകാശ പാതയും മറ്റും ഉയർത്തിക്കാട്ടി വികസന മുരടിപ്പെന്നാരോപിച്ചാണ് ഇടതു പ്രചാരണം. ആകാശ പാതയുടേതടക്കം പണി മന:പൂർവ്വം സ്തംഭിപ്പിച്ച് വികസനം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സി.പി.എമ്മാണെന്ന എതിർ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽപ്പെട്ട കോട്ടയം നഗരസഭയിലും വിജയപുരം പഞ്ചായത്തിലും വൻ വിജയമാണ് യു.ഡി.എഫ് നേടിയത്. പനച്ചിക്കാട് പഞ്ചായത്തിലായിരുന്നു എൽ.ഡി.എഫ് ജയം. സർക്കാർ വിരുദ്ധതയും ശബരിമല സ്വർണക്കൊള്ള വിവാദവും നിയമസഭാ തിരഞ്ഞെടുപ്പിലും വൻ വിജയം സമ്മാനിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ പത്തു വർഷത്തെ ഇടതു മുന്നണി ഭരണനേട്ടവും ക്ഷേമ പദ്ധതികളും വോട്ടാകുമെന്നാണ് എൽ.ഡി.എഫ് കണക്കു കൂട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |