കോട്ടയം: ഓൺലൈനിൽ വാങ്ങിയ ഇലക്ട്രിക് സൈക്കിളിന്റെ തകരാറുകൾ പരിഹരിക്കാത്ത കമ്പനിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫാ വെക്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരേ പാലാ കിഴതടിയൂർ കദളിക്കാട്ടിൽ ജോർജ് കെ.തോമസ് നൽകിയ പരാതിയിലാണ് ഉത്തരവ്.
സൈക്കിളിന്റെ വിലയായ 37,998 രൂപ 2025 ജനുവരി 21 മുതൽ 9 ശതമാനം പലിശയോടെയും നന്നാക്കാൻ ചെലവായ 5,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നൽകണമെന്നാണ് കമ്മീഷൻ നിർദേശം.
2025 ജനുവരി 11നാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇലക്ട്രിക് സൈക്കിൾ വാങ്ങിയത്. ഡെലിവറി സമയത്തുതന്നെ തകരാർ കണ്ടതിനേത്തുടർന്ന് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാകാത്തതിനാൽ പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
കമ്മീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയെങ്കിലും അവർ ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്തില്ല. സൈക്കിൾ വാങ്ങി കുറച്ചുമാസത്തിനുള്ളിൽ തന്നെ നിരവധി തകരാറുകളുണ്ടായെന്നും പരാതിക്കാരന് ലഭിക്കേണ്ട സേവനത്തിൽ കടുത്ത അശ്രദ്ധ ഉണ്ടായെന്നും അഡ്വ.വി.എസ്. മനുലാൽ,അഡ്വ.ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |