വൈക്കം . വിവാഹത്തിൽ പങ്കെടുക്കാൻ ഗൂഗിൾ മാപ്പ് നോക്കി പോകുകയായിരുന്ന നാലംഗസംഘം സഞ്ചരിച്ചിരുന്ന കാർ മുറിഞ്ഞപ്പുഴയ്ക്ക് സമീപം കുളത്തിലേക്ക് മറിഞ്ഞു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വൻഅപകടം ഒഴിവായി. ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം.
കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം കുളത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു.
പിറവത്തുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുവല്ലയിൽ നിന്ന് വരികയായിരുന്നു സംഘം. ശബ്ദം കേട്ട് സമീപത്തെ ടൂവീലർ വർക്ക്‌ഷോപ്പ് ഉടമ അജിത്ത്, വാഹനം നന്നാക്കാനായി എത്തിയ പ്രദേശവാസിയായ നടുത്തുരുത്തിൽ അഖിൽ, രമേശൻ എന്നിവർ കുളത്തിൽ ചാടി കാറിന്റെ ഡോർ തുറന്ന് ഇവരെ രക്ഷപ്പെടുത്തി. കാറിൽ ഉണ്ടായിരുന്ന തിരുവല്ല നെടുംപുറം കൈപ്പും ചാലിൽ സോജു ജോസഫ് (34) ഇയാളുടെ സഹോദരൻ സോജി (31), സുഹൃത്തുക്കളായ ടിനു (36), അനൂജ് (30) എന്നിവരെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. രക്ഷാപ്രവർത്തനത്തിനിടെ കുളത്തിലെ ചില്ല് കാലിൽ തുളച്ച് കയറി അജിത്തിനും പരിക്കേറ്റു. വൈക്കം എസ് ഐ സജി കെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസും, വൈക്കം ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിന്റെ നേതൃത്വത്തിൽ ഫയർയൂണിറ്റും സ്ഥലത്തെത്തിയിരുന്നു. ക്രെയിനുപയോഗിച്ച് കാർ ഉയർത്തി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |