കോഴിക്കോട്: ഉപഭോക്തൃ സൗഹൃദ കാമ്പയിനുമായി കൺസ്യൂമർ ഫെഡ്. ഇന്ന് മുതൽ ഒരാഴ്ചക്കാലം കൺസ്യൂമർഫെഡ് ഭരണ സമിതിയംഗങ്ങളും 2500ഓളം വരുന്ന ജീവനക്കാരും സംസ്ഥാന വ്യാപകമായി ഉപഭോക്താക്കളുടെ വീടുകൾ സന്ദർശിക്കും. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട് കൺസ്യൂമർഫെഡ് പ്രവർത്തനങ്ങൾ വിശദീകരിക്കും. 'ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം ഉപഭോക്താവാണ് രാജാവ്' എന്ന സന്ദേശം ഉയർത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈസ്റ്റ്ഹിൽ ത്രിവേണി അങ്കണത്തിൽ രാവിലെ 9 ന് കൺസ്യൂമർഫെസ് ചെയർമാൻ എം. മെഹബൂബ് നിർവഹിക്കും. കോഴിക്കോട് റീജിയണൽ മാനേജർ പി.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലയിലെ എടപ്പാളിൽ കാമ്പയിൻ പ്രവർത്തനം കൺസ്യൂമർഫെഡ് എം.ഡി.എം.സലിം ഉദ്ഘാടനം ചെയ്യും.
ത്രിവേണി സൂപ്പർമാർക്കറ്റുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, ത്രിവേണി നോട്ട്ബുക്കുകൾ, സ്ക്കൂൾമാർക്കറ്റുകൾ, ഇ-ത്രിവേണി ബിസിനസ് സെന്ററുകൾ, ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി കോളേജ്, നീതി ഗ്യാസ് തുടങ്ങി വ്യത്യസ്ത മേഖലകളിലായുള്ള കൺസ്യൂമർഫെഡ് പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാമ്പയിനിലൂടെ പരിചയപ്പെടുത്തും.
ഒരാഴ്ചക്കാലം കൊണ്ട് ഒന്നര ലക്ഷം വീടുകൾ സന്ദർശിച്ച് അരലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ സ്ഥിരം ഉപഭോക്താക്കളാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
185 ത്രിവേണി സൂപ്പർമാർക്കറ്റുകളും, 80 നീതി മെഡിക്കൽ സ്റ്റോറുകളുമായി ഉപഭോക്തൃ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം എന്ന നിലയിൽ കൺസ്യൂമർഫെഡ് അതിന്റെ പ്രവർത്തനമേഖല വിപുലപ്പെടുത്തി വരികയാണ്. 3000 കോടി രൂപയുടെ വിറ്റുവരവ് നടത്തിവരുന്ന കൺസ്യൂമർഫെഡ് അടുത്ത സാമ്പത്തിക വർഷം 3500 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |