കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കുന്നതിനിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെയും വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണം വൈദ്യുതാഘാതമേറ്റെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ബോബിയുടെ മൃതദേഹം കിടന്നതിന് പരിസരത്തുനിന്ന് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൊക്കോ തോട്ടത്തിൽ പിവിസി പൈപ്പിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊക്കോ മരത്തിൽ വൈദ്യുതി കമ്പി കുടുക്കാൻ ശ്രമിച്ചതിന്റെയും സൂചനകളുണ്ട്. മൃതദേഹം കിടന്നതിന് സമീപത്തായി വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ബാബുരാജ് ആരോപിച്ചു. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.
ബോബിയെ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു കാണാതായത്. മേയാൻ വിട്ട വളർത്തുപശു തിരികെ എത്താത്തതിനെത്തുടർന്ന് ബോബി അന്വേഷിച്ചിറങ്ങിയതായി മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. രാത്രിയായിട്ടും ബോബി മടങ്ങിയെത്താതായതോടെ വനംവകുപ്പും പൊലീസും ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനാ പ്രവർത്തകരും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളില്ലായിരുന്നു. പശുവിന്റെ ശരീരത്തിലും പരിക്കുകൾ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |