@ മുൻ മേയർ സി.ജെ.റോബിന് കോഴിക്കോട് പൗരാവലിയുടെ ആദരം
കോഴിക്കോട്: രാഷ്ട്രീയരംഗത്ത് സ്നേഹ ബന്ധങ്ങൾ കുറയുന്നതായി മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ പറഞ്ഞു. നവതിയിലേക്ക് കടന്ന മുൻ മേയർ സി.ജെ. റോബിന് കോഴിക്കോട് പൗരാവലിയുടെ ആഭിമുഖ്യത്തിൽ നൽകിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം. സുധീരൻ.
കെ.എസ്.യു കാലം മുതലുള്ള നല്ല ബന്ധങ്ങളാണ് ജീവിതത്തിൽ ഇപ്പോഴും ഊർജമാവുന്നത്. പഴയകാലത്ത് രാഷ്ട്രീയത്തിൽ സ്നേഹബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് രാഷ്ട്രീയരംഗത്ത് സ്നേഹ ബന്ധങ്ങളും സാഹോദര്യ ബന്ധങ്ങളും കുറഞ്ഞു വരികയാണെന്ന് വി.എം.സുധീരൻ പറഞ്ഞു. ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സി.ജെ. റോബിന്റേത്. രാഷ്ട്രീയ അതിപ്രസരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ കടന്നുവരുന്നത് ഗുണകരമല്ല. സി.ജെ റോബിൻ വിവാദങ്ങളൊന്നും ഉണ്ടാക്കാത്ത എല്ലാവർക്കും സ്വീകാര്യനായ മേയർ ആയിരുന്നു. അധികാര വികേന്ദ്രീകരണം അഴിമതി വികേന്ദ്രീകരണത്തിന് വേണ്ടി എന്ന സാഹചര്യമാണ് ഇന്നുള്ളത്. മാലിന്യ നിർമാർജനം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ബ്രഹ്മപുരത്തുണ്ടായ സംഭവങ്ങൾ അനഭിലഷണീയമാണ്. ഇത്തരം വിഷയങ്ങൾ നിയമസഭ കമ്മിറ്റി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വി.എം.സുധീരൻ സി.ജെ. റോബിന് മംഗളപത്രം നൽകി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പുരസ്കാരം സമ്മാനിച്ചു. പി.വി. ചന്ദ്രൻ പൊന്നാടയണിയിച്ചു. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ദിവാകരൻ, എം.എ. റസാഖ്, ടി.വി.ബാലൻ, പി.ആർ.സുനിൽസിംഗ്, സത്താർ പന്തല്ലൂർ, ഡോ.കെ.മൊയ്തു, എം.രാജൻ, ജോസ് പ്രകാശ്, കെ.പി. രാജേഷ്‌കുമാർ, മൂസ പന്തീരങ്കാവ് തുടങ്ങിയവർ പങ്കെടുത്തു. സി.ജെ. റോബിൻ മറുപടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |