കരുതലും കൈത്താങ്ങും അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
കോഴിക്കോട്: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുക എന്നതാണ് അദാലത്തുകളിലുടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് മന്ത്രി വ്യക്തമാക്കി. മേയ് രണ്ടു മുതൽ എട്ട് വരെയാണ് താലൂക്ക്തല അദാലത്തുകൾ നടക്കുക.കോഴിക്കോട് താലൂക്ക് അദാലത്ത് മേയ് രണ്ടിന് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും താമരശ്ശേരി താലൂക്ക് അദാലത്ത് മേയ് നാലിന് താമരശ്ശേരി ഗവ.യു.പി. സ്‌കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മേയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകൾ നടക്കുക.റവന്യൂ മന്ത്രി കെ. രാജൻ, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്. കളക്ടറേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാകളക്ടർ എ. ഗീത പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |