കോഴിക്കോട് : ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനായി സോണ്ട ഇൻഫ്രാടെക്കിന് കോഴിക്കോട് കോർപ്പറേഷൻ കരാർ നൽകിയിട്ട് മൂന്നര വർഷം. 7.77 കോടിയുടെ പ്രവൃത്തി പോലും നിശ്ചിത കാലാവധിയ്ക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കാത്ത സോണ്ടയ്ക്ക് എങ്ങനെയാണ് 250 കോടിയുടെ വേസ്റ്റ് ടു എനർജി പ്ലാന്റ് നടപ്പാക്കാനാവുക എന്ന ചോദ്യം ഉയരുന്നുണ്ട്. ഞെളിയൻപറമ്പിലുണ്ടായിരുന്ന മാലിന്യം ആറ് മാസത്തിനുള്ളിൽ നീക്കി രണ്ട് വർഷം കൊണ്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 2020 ജനുവരി ആറിനാണ് മുഖ്യമന്ത്രി വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. അഞ്ച് തവണ കരാർ നീട്ടി നൽകിയിട്ടും ഇതുവരെ ബയോമൈനിംഗും കാപ്പിംഗും പൂർത്തിയായിട്ടുമില്ല. പൂർത്തിയാക്കേണ്ട കാലാവധിയാവുമ്പോഴും വേസ്റ്റ് ടു എനർജി പ്ലാന്റിന്റ നിർമ്മാണം തുടങ്ങാൻ പോലും സാധിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പ് 250 കോടി കണക്കായി പദ്ധതിയുടെ ചിലവ് ഇനി എത്രവരുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.
മേയ് 17വരെയാണ് മാലിന്യ നീക്കത്തിന് സോണ്ട കമ്പനിയ്ക്ക് കോർപ്പറേഷൻ കരാർ നീട്ടി നൽകിയത്. 2019ൽ ആറുമാസ കാലാവധിയ്ക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നുള്ള കരാർ അഞ്ച് തവണയാണ് കോർപ്പറേഷൻ നീട്ടി നൽകിയത്. നിശ്ചിത സമയത്ത് കരാർ പ്രവൃത്തി പൂർത്തിയാക്കുന്നതിൽ വിഴ്ച വരുത്തിയ സാഹചര്യത്തിൽ കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ഉയർത്തുന്നുണ്ട്. ഞെളിയൻപറമ്പിൽ സംസ്ഥാന സർക്കാറിന്റെ പൈലറ്റ് പദ്ധതിയായി 250 കോടി ചിലവിൽ വേസ്റ്റ് ടു എൻജി പ്ലാന്റ് നിർമ്മിക്കുന്നതിന് മുന്നോടിയായി ബയോമൈനിംഗിനും കാപ്പിംഗിനുമായാണ് കോർപ്പറേഷൻ സോണ്ടയുമായി 7.77 കോടിയുടെ കരാറുണ്ടാക്കിയത്. കൊവിഡ് കാലത്തെ പ്രതിസന്ധിയും മഴയും ചൂണ്ടിക്കാണിച്ചാണ് കോർപ്പറേഷന്റെ നടപടി. ഞെളിയൻ പറമ്പിലെ 6.5 ഏക്കറിലെ ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനും 2.8 ഏക്കർ സ്ഥലത്ത് കാപ്പിംഗ് നടത്തുന്നതിനുമാണ് കരാർ.
കരാർ അവസാനിക്കാൻ ഇനി 11 ദിവസം
ബയോമൈനിംഗിനും കാപ്പിംഗിനുമായി സോണ്ടയ്ക്ക് കോർപ്പറേഷൻ നീട്ടി നൽകിയ കരാർ അവസാനിയ്ക്കാൻ ഇനി 11 ദിവസമാണുള്ലത്. പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്. ഈ കാലാവധിയ്ക്കുള്ളിലും പൂർത്തിയാക്കിയില്ലെങ്കിൽ ഇനി സമയം നീട്ടി നൽകാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫും ബി.ജെ.പിയും വ്യക്തമാക്കുന്നു. മഴയും കൊവിഡും ചൂണ്ടിക്കാണിച്ച് കരാർ അഞ്ചു തവണ നീട്ടിയെടുത്ത കമ്പനിയുടെ തട്ടിപ്പ് ഇനി അനുവദിക്കില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്.
2020ൽ വേസ്ട് ടു എനർജി പ്ലാന്റ് നിർമ്മാണോദ്ഘാടനം
250 കോടി നിർമ്മാണ ചെലവ്
കരാർ നീട്ടിയത് 5 തവണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |